മൂവാറ്റുപുഴ: മണ്ണാൻകടവ് തോട് വീണ്ടും മാലിന്യവാഹിനിയായതോടെ നഗരത്തിലെ പേട്ട നിവാസികളുടെ ജീവിതം ദുരിതത്തിലായി. ഇരുനൂറിലധികം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന നഗരത്തിലെ ജനവാസ കേന്ദ്രമായ പേട്ടയ്ക്കു നടുവിലൂടെ ഒഴുകി പുഴയിൽ എത്തിച്ചേരുന്ന മണ്ണാൻകടവ് തോട്ടിലേക്ക് ശൗചാലയമാലിന്യമടക്കം എത്തുന്നതാണ് ദുരിതം വിതയ്ക്കുന്നത്.
കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നാരംഭിക്കുന്ന ഓട മൂവാറ്റുപുഴയാറിലെ മണ്ണാൻകടവിലൂടെ ഒഴുകി പുഴയിലേക്കാണ് എത്തിച്ചേരുന്നത്. കാന മണ്ണാൻകടവ് തോടിനോടു ചേരുന്ന ഭാഗം മുതൽ തോടിലെ വെള്ളം കറുത്ത നിറത്തിലാണ് ഒഴുകി പുഴയിൽ ചേരുന്നത്. കഴിഞ്ഞദിവസങ്ങളിൽ തോട്ടിലേക്ക് കണക്കില്ലാത്ത രീതിയിലായിരുന്നു മാലിന്യം ഒഴുകിയെത്തിയത്. അസഹ്യമായ ദുർഗന്ധത്തോടെ മാലിന്യംഒഴുകിയെത്തിയതിനാൽ സമീപത്തെ പല വീട്ടുകാർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വിവരമറിഞ്ഞ് നഗരസഭ അധികൃതരടക്കം സ്ഥലത്തെത്തി.
# വർഷങ്ങളായുള്ള ദുരിതം
വർഷങ്ങളായി ഈ ദുരിതം അനുഭവിച്ചു വരികയാണ് പേട്ടക്കാർ.തോടിനു സമീപമുള്ള വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കൊതുകുശല്യവും രൂക്ഷമാണ്. നഗരത്തിലെയും മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേരെയും ബാധിക്കുന്ന പ്രശ്നമായിട്ടുപോലും അധികൃതർ ഇതിനെതിരെ കണ്ണടയ്ക്കുന്നത് വലിയതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
# നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മണ്ണാൻതോടിലേക്കു തുറക്കുന്ന കാനയുടെ മലിനീകരണത്തെക്കുറിച്ച് അറിയിച്ചെങ്കിലും ഇവർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യമുൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യവും പേറി എത്തുന്ന കാനയാണ് മണ്ണാൻകടവ് തോടിനെയും പുഴയെയും മലിനമാക്കുന്നത്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. ഓട ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നടക്കം മാലിന്യങ്ങൾ ഓടയിലേക്കാണ് എത്തുന്നത്. തോട്ടിലൂടെ എത്തുന്ന മാലിന്യം മൂവാറ്റുപുഴ കുടിവെള്ള ശുദ്ധീകരണ ശാലയുടെ കാച്ച്മെന്റ് ഏരിയയുടെ ഇരുന്നൂറ് മീറ്റർ അടുത്താണ് വന്നുപതിക്കുന്നത്. തോട് ശുചീകരിച്ച് സംരക്ഷിക്കുകയും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം