gail-india

കൊച്ചി: കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും വ്യവസായ, ഉൗർജ, ഗാർഹിക മേഖലകൾക്ക് നേട്ടത്തിന്റെ വൻസാദ്ധ്യതകൾ തുറന്നാണ് കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. പ്രകൃതിവാതകം ഇനി കേരളത്തിൽ എട്ടും കർണാടകയിലെ ഒന്നും ജില്ലകളിൽ വീടുകളിൽ പാചകത്തിനും വാഹനങ്ങൾക്ക് സി.എൻ.ജിയായും വ്യവസായങ്ങൾക്ക് ഇന്ധനമായും ലഭിക്കും.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകമാണ് (എൽ.എൻ.ജി) പൈപ്പ്ലൈനിലൂടെ വിതരണം ചെയ്യുന്നത്. കൊച്ചിയിൽ ആരംഭിക്കുന്ന പൈപ്പ്ലൈൻ പാലക്കാട് കൂറ്റനാട്ടുനിന്ന് രണ്ടായി പിരിയും. കോഴിക്കോട്, കാസർകോട് വഴി മംഗലാപുരത്തെത്തുന്ന പൈപ്പ്ലൈനാണ് ഇന്നലെ കമ്മിഷൻ ചെയ്തത്. കൂറ്റനാട്ടുനിന്ന് കോയമ്പത്തൂർ, സേലം വഴി രണ്ടാമത്തെ ലൈൻ ബംഗളൂരുവിലെത്തും. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കും പൈപ്പ്ലൈൻ കരുത്ത് പകരും.

വളംനിർമ്മാണ ശാലയായ ഫാക്ട് 2013 മുതൽ എൽ.എൻ.ജി ഇന്ധനമായി സ്വീകരിക്കുന്നുണ്ട്. ഫാക്ടിന്റെ ബോയ്‌ലറുകൾ, വൈദ്യുതനിലയം എന്നിവയാണ് എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്നത്. അമോണിയ ഉത്പാദനത്തിന് അസംസ്കൃതവസ്തുവായും ഉപയോഗിക്കുന്നു.

എറണാകുളം മുതൽ കാസർകോട് വരെ ജില്ലകളിലെ വ്യവസായങ്ങൾക്ക് എൽ.എൻ.ജി നൽകും. ഇതിനായി ഉപലൈനുകൾ സ്ഥാപിച്ചു. മംഗലാപുരം ആർക്കുളയിലെ മംഗളൂർ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിലാണ് (എം.എഫ്.സി) പൈപ്പ്ലൈൻ അവസാനിക്കുന്നത്. കഴിഞ്ഞ ഡിസംബർ 22 മുതൽ എം.എഫ്.സിയും എൽ.എൻ.ജി ഉപയോഗിക്കുന്നുണ്ട്.

എറണാകുളത്ത് 2014 ൽ തുടക്കം കുറിച്ച സിറ്റി ഗ്യാസ് പദ്ധതി മംഗലാപുരംവരെ നടപ്പാക്കുമ്പോഴാണ് പൈപ്പ്ലൈനിന്റെ പൂർണപ്രയോജനം ലഭിക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐ.ഒ.അദാനി ഗ്യാസ് ലിമിറ്റഡാണ് എറണാകുളം മുതൽ കാസർകോട് വരെ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.

എറണാകുളത്ത് മൂവായിരം വീടുകളിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് പാചകവാതകം നൽകിക്കഴിഞ്ഞു. പൈപ്പിടാൻ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാൻ തടസങ്ങൾ ഉന്നയിച്ചതുമൂലം പദ്ധതി വൈകിയിരുന്നു. അപേക്ഷ ലഭിച്ചാൽ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ് നൽകിയതോടെ നടപടികൾ വേഗത്തിലായി. എട്ടു ജില്ലകളിലും നടപടികൾ ആരംഭിച്ചതായി ഐ.ഒ.സി അദാനി ഗ്യാസ് കൊച്ചി മേധാവി അജയ് പിള്ള പറഞ്ഞു.

എൽ.എൻ.ജിയും

മികവുകളും

 കാർബൺ തീരെക്കുറവായതിനാൽ പ്രകൃതിസൗഹൃദം

 വ്യവസായ ശാലകൾക്ക് എൽ.എൻ.ജിയായും വാഹനങ്ങൾക്ക് സി.എൻ.ജിയായും (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വീടുകളിൽ പൈപ്പിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ആയും (പി.എൻ.ജി) ലഭ്യമാക്കും.

 ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ വില 40% വരെ കുറവ്; എൽ.പി.ജി സിലിണ്ടറുമായി താരതമ്യം ചെയ്യുമ്പോഴും വില കുറവ്; കൂടുതൽ സുരക്ഷിതവുമാണ്.

 ഡീസലിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറുമ്പോൾ വ്യവസായ ശാലകൾക്കും പ്രവർത്തനച്ചെലവിൽ വൻ ലാഭം

 സി.എൻ.ജി വാഹനങ്ങൾക്ക് 30 ശതമാനം വരെ അധിക മൈലേജ്

 ചെലവ് ഡീസലിനും പെട്രോളിനും കിലോമീറ്ററിന് ശരാശരി അഞ്ചുരൂപയെങ്കിൽ സി.എൻ.ജിക്ക് മൂന്നു രൂപയിൽ താഴെ