കൊച്ചി : ആർ.എസ്.എസ് നേതാവായിരുന്ന കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് നിലനിൽക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയതിനെതിരെ പി. ജയരാജനടക്കമുള്ള പ്രതികൾ ചേർന്നു നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളി. ഇൗ വിഷയം ഉന്നയിച്ച് ജയരാജനടക്കമുള്ളവർ നൽകിയ ഹർജി 2018 മാർച്ചിൽ സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
യു.എ.പി.എ (ഭീകരപ്രവർത്തന നിരോധനനിയമം) ചുമത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നിരിക്കെ കേസ് അന്വേഷിച്ച സി.ബി.ഐ അന്വേഷണസംഘത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ സി.ബി.ഐ ഇൗ കേസിൽ യു.എ.പി.എ ചുമത്തുകയായിരുന്നു. കേന്ദ്രസർക്കാർ നൽകിയ അനുമതിയുടെ സാധുതയെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് അനുമതിയുടെ സാധുത വിചാരണവേളയിൽ വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. സി.ബി.ഐ കേന്ദ്രസർക്കാരിനു കീഴിലുള്ള അന്വേഷണ ഏജൻസിയായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതി മതിയാകുമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ആർ.എസ്.എസിന്റെ കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജിനെ 2014 സെപ്തംബർ ഒന്നിനാണ് സി.പി.എമ്മുകാരായ പ്രതികൾ കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷിച്ച കേസിൽ ഒന്നാംപ്രതി വിക്രമൻ ഉൾപ്പെടെ 19 പ്രതികൾക്കെതിരെ തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പിന്നീടാണ് ഗൂഢാലോചനക്കേസിൽ പി. ജയരാജനടക്കം ആറുപേരെ പ്രതിചേർത്തത്.