കോലഞ്ചേരി: പിടിച്ചുനിൽക്കാൻ മറ്റ് മാർഗമില്ല. മറുനാടൻ ഏത്തപ്പഴം വില്പനയെ കെട്ടുകെട്ടിക്കാൻ രണ്ടും കല്പിച്ച് നേന്ത്ര കർഷകർ. നാടൻ ഏത്തനുമായി വഴിയോര കച്ചവടത്തിന് ഇറങ്ങിയാണ് തകർച്ചയിൽ നിന്നും കരകയറാൻ കർഷകർ കച്ചകെട്ടിയിരിക്കുന്നത്. ഇതിലൂടെ പൊതു വിപണിയിൽ നാടൻ ഏത്തക്കായയുടെ വില ഇടിവ് ഒരു പരിധിവരെ നികത്താനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. തോട്ടത്തിൽ വിലപേശി കിലോ 10, 15 വരെ വാങ്ങുന്നതാണ് ഇടനിലക്കാരുടെ രീതി. പാട്ടത്തിനു സ്ഥലമേറ്റെടുത്ത് കൂടുതൽ കൃഷി ഇറക്കിയ കർഷകരാണ് പ്രധാനമായും നിരത്തിൽ കച്ചവടം സജീവമാക്കിയത്. 100 രൂപയ്ക്ക് 3 കിലോ പച്ചയും,ഇതേ വിലയ്ക്ക് 4 കിലോ പഴവും നല്കും. പാതയോരത്ത് നാടൻ ഏത്തപ്പഴത്തിനും നല്ല വില്പനയാണ്. അതേസമയം കർഷകന്റെ ദുരവസ്ഥ മനസസിലാക്കി നരവധിപ്പേർ ഏത്തപ്പഴം വാങ്ങാറുണ്ടെന്ന് കർഷകർ പറയുന്നു. ഉത്പാദനം കൂടിയതും വില കുറവിൽ മറുനാടൻ എത്തിയതുമാണ് നാടൻ ഇനത്തിന്റെ പ്രിയം കുറയാന കാരണം.തറ വാടക, ചന്തപ്പിരിവ്, ഇടനിലക്കാരുടെ ചൂഷണം എന്നിവയും നേരിടേണ്ടി വരുന്നില്ല. മഴ കുറഞ്ഞ് വേനൽ കടുത്തതോടെ മൂപ്പെത്താറായ കുലകൾ ഒടിഞ്ഞു പോകുന്നുമുണ്ട്. കറിയുണ്ടാക്കാൻ ഇത്തരം കായ നല്ലതാണ്. ഇതും വില കുറച്ച് നല്കുന്നുണ്ട്.
കൃഷിയിടത്തിന് മുന്നിലാണ് വില്പന. കൂടുതൽ ആവശ്യക്കാർക്ക് അപ്പോൾ മുറിച്ചെടുത്തും നല്കും. ഒരു ദിവസം 150 മുതൽ 300 കിലോ വരെ കച്ചവടം നടക്കുന്നുണ്ട്.
ജെയിംസ്
കർഷകൻ
മഴുവന്നൂർ
വഴിയരികിൽ പഴവും, പച്ചയും വിറ്റഴിക്കുന്നതിലൂടെ മുടക്കു മുതലെങ്കിലും ഉണ്ടാക്കാനാകും.
ചന്ദ്രൻ
കർഷകൻ
പട്ടിമറ്റം