കൊച്ചി: രാജ്യതലസ്ഥാനത്ത് 40 ദിവസമായി തുടരുന്ന കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ജനതാദൾ (എസ്) മദ്ധ്യമേഖല നേതൃയോഗം യോഗം ആവശ്യപ്പെട്ടു. കർഷകക്ഷേമം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ കേന്ദ്രസർക്കാർ രാജ്യത്തെ 130 കോടി ജനങ്ങളുടെ അന്നമൂട്ടുന്ന കർഷകർക്കുവേണ്ടി റെയിൽവേ ബഡ്ജറ്റിന് സമാനമായി കാർഷിക ബജറ്റ് അവതരിപ്പിച്ച് പാസാക്കുവാൻ തയ്യാറകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോസ് തെറ്റയിൽ, ബെന്നി മൂഞ്ഞേലി, ജില്ലാ പ്രസിഡന്റുമാരായ എം.ടി.കുര്യൻ (കോട്ടയം), കെ .എസ് .പ്രദീപ് കുമാർ (ആലപ്പുഴ ) തുടങ്ങിയവർ സംസാരിച്ചു. മദ്ധ്യമേഖലയിലെ 4 ജില്ലകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ കെ.കൃഷ്ണൻകുട്ടിയും മാത്യു ടി .തോമസും അനുമോദിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് സാബു ജോർജ് ,ജനറൽ സെക്രട്ടറി ജബ്ബാർ തച്ചയിലും സന്നിഹിതരായിരുന്നു.