പെരുമ്പാവൂർ: സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി എം.എൽ.എ സമർപ്പിച്ച 1024 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങളിൽ പട്ടികജാതിപട്ടികവർഗ്ഗക്കാർ, ഭൂരഹിതഭവനരഹിത വിഭാഗങ്ങൾ, സാമ്പത്തിക പിന്നോക്ക വിഭാഗക്കാർ തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും, ആവശ്യങ്ങളും ഉൾപ്പെടുത്താതെ അവഗണിച്ചതിൽ എസ്.സി, എസ്.ടി. കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലത്തിൽ നൂറു കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി കഴിയുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം ഉൾപ്പെടുത്താതെ സ്മാരകം നിർമിക്കാനുള്ള പദ്ധതിക്ക് പ്രാധാന്യം നൽകിയ എം.എൽ.എ. പാവപ്പെട്ടവരെ അവഗണിക്കുന്നതായി കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ സമ്പൂർണ്ണ പാർപ്പിട പദ്ധതി ഉൾപ്പെടുത്താൻ തയ്യാറാകണമെന്നു യോഗം ആവശ്യപ്പെട്ടു. നവോത്ഥാന കൂട്ടായ്മ കൺവീനർ ശിവൻകദളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എ. കൃഷ്ണൻകുട്ടി, എം.കെ. അംബേദ്കർ, കെ.കെ. അപ്പു, പി.പി. ചന്തു, കെ.ഐ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.