സന്ദീപ് നായർ മാപ്പുസാക്ഷി
ശിവശങ്കറിനെ പറ്റി പരാമർശമില്ല
എട്ട് മാസത്തിൽ കടത്തിയത് 167 കിലോ സ്വർണം
കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികൾ ബഹ്റിൻ, മലേഷ്യ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം കേരളത്തിലേക്ക് കടത്താൻ പദ്ധതിയിട്ടതായി എൻ.ഐ.എ ഇന്നലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്‌തിരുന്നെങ്കിലും കുറ്റപത്രത്തിൽ പരാമർശമില്ല.
സ്വർണം കടത്താനുള്ള പണത്തിനായി പ്രതികൾ 2019 ജൂണിൽ ഗൂഢാലോചന തുടങ്ങിയെന്നും 2019 നവംബർ മുതൽ 2020 ജൂൺ വരെ 167കിലോ സ്വർണം കടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
21 പ്രതികളെ അറസ്റ്റ് ചെയ്‌തു. എട്ട് പ്രതികൾ ഒളിവിലാണ്. ഇവരെയും സ്വർണക്കടത്തിനു സഹായിച്ചവരെയും കണ്ടെത്താൻ അന്വേഷണം തുടരും.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിന്റെ മറവിൽ 14.82 കോടി രൂപയുടെ 30 കിലോ സ്വർണം കടത്തിയത് 2020 ജൂലായ് അഞ്ചിനാണ് കസ്റ്റംസ് പിടിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വർണം കടത്തിയതെന്ന് ചൂണ്ടിക്കാട്ടി പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർക്കെതിരെ 2020 ജൂലായ് പത്തിനാണ് എൻ.ഐ.എ കേസെടുത്തത്. സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫൈസൽ ഫരീദ് യു.എ.ഇ ജയിലിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ കുറ്റപത്രത്തിൽ നിന്നൊഴിവാക്കി.
പ്രതികൾ
പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലീൽ, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി. അബ്ദു, റബിൻസ് ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദാലി, കെ.ടി. ഷറഫുദീൻ, എ. മുഹമ്മദ് ഷഫീഖ്, ഹംസദ് അബ്ദുസലാം, ടി.എം. സംജു, കെ. ഹംജദ് അലി, സി.വി. ജിഫ്സൽ, പി. അബൂബക്കർ, കെ.വി. മുഹമ്മദ് അബ്ദുഷമീം, അബ്ദുൾഹമീദ്, ഷംസുദീൻ,
യു.എ.പി.എ കുറ്റവും ശിക്ഷയും
സെക്‌ഷൻ16 - ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനം. അഞ്ചുവർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും
സെക്‌ഷൻ 17 - ഭീകരപ്രവർത്തനത്തിന് ധനസഹായം കണ്ടെത്തൽ. അഞ്ചുവർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും.
സെക്‌ഷൻ 18 - ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളിയാകൽ. അഞ്ചുവർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയും
സെക്‌ഷൻ 20 : ഭീകര സംഘത്തിൽ അംഗമാകൽ. ജീവപര്യന്തം വരെ തടവുംപിഴയും