കൊച്ചി: വീടുകളിലേക്ക് പാചകവാതകമെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് 15ന് കൊച്ചി കോർപ്പറേഷനിൽ തുടക്കം കുറിക്കും. ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം പദ്ധതി നടത്തിപ്പുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി മേയർ അഡ്വ. എം. അനിൽകുമാർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പദ്ധതിക്കായി ഏകദേശം 3000 കിലോ മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കമ്പനി സമർപ്പിക്കേണ്ട ബാങ്ക് ഗ്യാരന്റി, എഗ്രിമെന്റ് സൂപ്പർവൈസറി ഫീസ് എന്നിവ 15 നകം നഗരസഭയിൽ അടക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന 18 ഡിവിഷനുകളിലെയും കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൗൺസിൽഹാളിൽ 18 ന് യോഗം വിളിക്കുന്നതിനും, സമയബന്ധിതമായി വർക്ക് ഷെഡ്യൂൾ തയ്യാറാക്കുന്നതിനും തീരുമാനിച്ചു. 15 ദിവസം കൂടുമ്പോൾ മേയർ പദ്ധതി പുരോഗതി അവലോകനം ചെയ്യും. ജൂണിന് മുമ്പായി റോഡ് കട്ടിംഗ് പൂർത്തീകരിക്കും.
ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഡി.ജി.എം. അജയ് പിള്ള, ഡെപ്യൂട്ടി മാനേജർ വരുൺ എസ്., സെക്രട്ടറി, കോർപ്പറേഷൻ എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.