കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പു മഹോത്സവത്തിന് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സർക്കാർ അനുമതിയായി. പ്രതിദിനം ആയിരംപേരെ വീതം അധികമായി അനുവദിച്ചുകൊണ്ടാണ് ഉത്തരവായത്. ഇതുവരെ ഓൺലൈനിലൂടെ ബുക്കുചെയ്തെത്തുന്ന 1500 പേരെ വീതമാണ് പ്രതിദിനം ദർശനത്തിന് അനുവദിച്ചിരുന്നത്. ഇന്നുമുതൽ 2500 പേർക്ക് വീതം ദർശനത്തിന് പ്രവേശിക്കാനാവും. നിലവിൽ ബുക്കിംഗിന് അവസരം ലഭിക്കാത്ത ഭക്തർക്ക് തീരുമാനം ആശ്വാസമാകും. അധികമായി വരുന്ന 1000 പേരും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തുവേണം ദർശനത്തിനെത്താൻ.
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.thiruvairanikkulamtemple.org വഴി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഭക്തരെ ഉൾക്കൊള്ളാൻ പര്യാപ്തമാണെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇളവ്.