കുറുപ്പംപടി: എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള പ്രധാന ജലസ്രോതസായ പെരിയാർ വാലി (പി.വി.ഐ.പി കനാൽ) കനാലിൽ ജലസേചനം ആരംഭിച്ചു. പെരിയാർ കനാലുകളിൽ ജലസേചനം ആരംഭിക്കുമെന്ന് അസിസ്റ്റൻഡ് എൻജിനീയർ അനിൽ ഇളയത്ത് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി ജനുവരി ഒന്നിന് ട്രയൽ റണ്ണും ആരംഭിച്ചിരുന്നു. ഇതോടെ കിഴക്കൻ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ഒട്ടേറെ ജനങ്ങളാണ് നിത്യവൃത്തിക്കായി കനാൽ വെള്ളത്തെ ആശ്രയിക്കുന്നത്. പെരിയാർ വാലി കനാലിലൂടെ ജലസേചനം ആരംഭിക്കാൻ വൈകിയതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.
എന്നാൽ ചില പ്രദേശങ്ങളിൽ കനാലുകളിലെ മാലിന്യം മുഴുവനായും നീക്കാതെയാണ് ജലവിതരണം ആരംഭിച്ചതെന്ന് ആരോപണമുണ്ട്. ഇരിങ്ങോൾ ക്ഷേത്രപരിസരത്തുള്ള കനാൽ ഭാഗത്താണ് ഇതുവരെയും മാലിന്യം നീക്കാത്തത്. ഇവിടുത്തെ മാലിന്യം എത്രയും വേഗം നീക്കി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.