കളമശേരി : കൊവിഡ് ആശുപത്രിയായി ഉയർത്തിയതോടെ നിർത്തിവച്ച വിവിധ രോഗങ്ങൾക്കായുള്ള ചികിത്സ എറണാകുളം മെഡിക്കൽ കോളേജിൽ പുനരാരംഭിച്ചു. ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ഇ.എൻ.ടി, നേത്രരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് ചികിത്സ പുനരാരംഭിച്ചത്. അത്യാഹിത വിഭാഗത്തിൽ തന്നെയാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.രാവിലെ 8 മുതൽ ഉച്ചവരേയാണ് പ്രവർത്തന സമയം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും കൊവിഡ് വിഭാഗവും മറ്റ് ചികിത്സകളും ഒരേ സമയത്ത് നടന്നുകൊണ്ടിരിക്കെ അതിവിപുലമായ സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജ് കൊവിഡ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചികിത്സ പുനരാംഭിച്ചത് രോഗികൾക്ക് ആശ്വാസമായി. ചികിത്സ നൽകുന്നതോടൊപ്പം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സാഹചര്യവും അടിയന്തിരമായി ആശുപത്രിയിൽ ഒരുക്കണമെന്നാണ് രോഗികളും, അവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത്.