ആലുവ: നഗരസഭയിൽ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിനായി ഇന്നലെ നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന 11 -ാം തീയതിക്ക് മുമ്പ് വീണ്ടും യോഗം ചേരും. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായി സൈജി ജോളിയെ മാത്രമാണ് തീരുമാനിച്ചത്. തിരഞ്ഞെടുക്കേണ്ട അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മൂന്നെണ്ണമാണ് ഉറപ്പായും ഭരണപക്ഷത്തിന് ലഭിക്കുക. ബാക്കി രണ്ടെണ്ണം ജനറൽ വിഭാഗത്തിലാണ്. ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫുമായി ധാരണ ഉണ്ടാക്കിയാൽ ഒരെണ്ണം കൂടി ലഭിക്കും. ചർച്ചക്കായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ഡി.സി.സി അംഗം എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, പി.പി. ജെയിംസ് എന്നിവരാണ് രംഗത്തുള്ളത്. മുതിർന്ന നേതാവെന്ന നിലയിൽ ലത്തീഫ് പൂഴിത്തറയെയും ഐ ഗ്രൂപ്പ് നോമിനി എന്ന നിലയിൽ എം.പി. സൈമണിനെയും പരിഗണിക്കേണ്ടി വരുമെന്ന സൂചന യോഗത്തിലുണ്ടായെങ്കിലും തീരുമാനമെടുത്തിട്ടില്ല. സുപ്രധാന വകുപ്പ് ആയതിനാലാണ് വനിത സംവരണമായിട്ടും പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. രണ്ടാം വട്ടവും കൗൺസിലർ എന്ന പരിഗണനയാണ് സൈജിയെ അനുകൂലിച്ചവർ ചൂണ്ടികാട്ടിയത്. എന്നാൽ രണ്ടാം വട്ടവും കൗൺസിലിലെത്തിയ സജീവ കോൺഗ്രസ് പ്രവർത്തക ലിസ ജോൺസനെ അവഗണിച്ചതിൽ ഐ ഗ്രൂപ്പിൽ അമർഷമുണ്ട്. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് കെ.കെ. മുഹമ്മദാലി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ധനകാര്യ സ്ഥിരം സമിതിയിൽ അഞ്ചും മറ്റ് അഞ്ച് കമ്മിറ്റികളിൽ നാലും അംഗങ്ങളാണുണ്ടാകുക. ചെയർമാൻ എല്ലാ കമ്മിറ്റികളിലെയും എക്സ് ഒഫീഷ്യ അംഗമാണ്.