കൊച്ചി: ഒരാഴ്ചയ്ക്കുശേഷം തിയേറ്ററുകൾ തുറക്കാൻ ഉടമകളുടെ യോഗത്തിൽ ധാരണയായി. 13ന് വിജയിന്റെ തമിഴ് സിനിമയായ മാസ്റ്ററായിരിക്കും ആദ്യം പ്രദർശിപ്പിക്കുക. 21 കോടി രൂപയുടെ കുടിശിക ലഭിക്കാതെ സിനിമ നൽകില്ലെന്ന് വിതരണക്കാർ ആവർത്തിച്ചു. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഫിലിം ചേംബറിന്റെ യോഗം ഇന്ന് ചേരും.
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഫെഡറേഷൻ ഒഫ് യുണൈറ്റഡ് ഓർഗനൈസേഷൻസ് കേരളയുടെ യോഗമാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ നടത്താനും കൊവിഡ് നിബന്ധനകൾ പാലിക്കാനും ഒരാഴ്ച സമയം ആവശ്യമുണ്ട്. തിയേറ്ററുകൾ ഇനിയും അടച്ചിടുന്നത് ഗുണകരമാകില്ലെന്നാണ് പൊതുവായി ഉയർന്ന നിർദേശമെന്ന് ഭാരവാഹികൾ പറഞ്ഞു.