padam
കൃഷിയിടത്തിൽ ചാഞ്ഞ പോയ നെൽക്കതിരുകൾ

കോലഞ്ചേരി: അപ്രതീക്ഷിതമായെത്തിയ മഴയും പെരിയാർവാലി കനാലിലെ വെള്ളവും ഐക്കരനാട് പഞ്ചായത്തിലെ നെൽക്കർഷകരെ ദുരിതത്തിലാക്കി. വർഷങ്ങളായി തരിശായി കിടന്ന നെല്പാടങ്ങളിൽ കൃഷിയിറക്കിയവർക്കാണ് പ്രതിസന്ധി ഉണ്ടായത്.

കഴിഞ്ഞ 31 ന് പെയ്ത ശക്തമായ മഴയ്ക്ക് പുറമേ വെള്ളക്കെട്ടുമാണ് കർഷകരെ ദുരിതത്തിലാക്കിയത്. പെട്ടെന്നുണ്ടായ മഴയിൽ ചാഞ്ഞു പോയ കതിരിട്ട നെൽവയലിലേയ്ക്ക് പെരിയാർവാലി കനാലിൽ നിന്നും അളവിൽ കവിഞ്ഞ വെള്ളം അനിയന്ത്റിതമായി ഇരച്ചുകയറിയതോടെ ചാഞ്ഞു കിടന്ന നെൽകതിരുകളെ വെള്ളത്തിനടിയിലാക്കി.

ഐക്കരനാട് കൃഷിഭവന്റെ നേതൃത്വത്തിൽ പാടശേഖര സമിതിയും, വിവിധ കൂട്ടയ്മകളും, സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.

20 ഏക്കറോളം വരുന്ന പാടശേഖരം

വെള്ളത്തിനടിയിലായി

കാരിക്കോട് ,തിരുവാലുകുന്നത്ത് ഭാഗങ്ങളിലെ 20 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വിളവെടുപ്പിന് പാകമായ നെൽക്കതിരുകളാണ് ഇത്തരത്തിൽ വെള്ളം കയറിയും ചെളിയിൽ പൂണ്ടും നശിച്ചത്. ഇതോടെ വിളവിൽ നല്ല പ്രതീക്ഷയുണ്ടായ കർഷകർ നിരാശയിലാണ്.

പെരിയാർവാലി കനാലിലൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്റിക്കണമെന്ന ആവശ്യവും ശക്തമാണ്. ഏന്തായാലും ശേഷിച്ച ക​റ്റകൾ കൊയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

ഭീമമായ നഷ്ടം

പാടശേഖരങ്ങളിൽ യന്ത്റമിറക്കാനാവാത്ത വിധം വെള്ളം നിറഞ്ഞതോടെ പലരും ക​റ്റകൾ കൊയ്‌തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്. രണ്ട് പതി​റ്റാണ്ടു കാലത്തോളം തരിശുകിടന്ന ഭൂമി വളരെ പണിപ്പെട്ടാണ് കൃഷിയോഗ്യമാക്കിയത്. കാലാനുസൃതമായി തോടുകൾ നവീകരിച്ചും കൃത്യമായ ഇടവേളകളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള കരുതൽ സംവിധാനങ്ങളും ഉണ്ടായാൽ മാത്രമാണ് ശാശ്വതമായ കൃഷി തുടർന്നുകൊണ്ടുപോകാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.