gold-smuggling-

കൊച്ചി : സ്വർണക്കടത്തു കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത് എൻ.ഐ.എയുടെ മികവാകുമ്പോഴും സ്വർണക്കടത്തിലൂടെ ലഭിച്ച പണം പ്രതികൾ ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എൻ.ഐ.എ കേസുകളിൽ 180 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കും. ഇൗ കേസിൽ സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് 178 ദിവസം പിന്നിടുമ്പോഴാണ് എൻ.ഐ.എ കുറ്റപത്രം നൽകിയത്.

സ്വർണക്കടത്തിലൂടെ പ്രതികൾ സമ്പാദിച്ച പണം ഭീകരപ്രവർത്തനത്തിന് വിനിയോഗിച്ചെന്ന വിലയിരുത്തലിലാണ് എൻ.ഐ.എ കേസെടുത്തത്. എന്നാൽ അതിനുള്ള തെളിവുകൾ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം,​ കള്ളക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുമെന്നതിനാൽ ഇതിനെ ഭീകരപ്രവർത്തനമായി കണക്കാക്കി അടുത്തിടെ നിയമഭേദഗതി വരുത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കുമെന്നാണ് എൻ. ഐ. എ നിലപാട്.

 ഒരു വകുപ്പു കൂടുതൽ ചേർത്തു

കേസ് രജിസ്റ്റർ ചെയ്തപ്പോൾ യു.എ.പി.എ സെക്‌ഷൻ 16,17,18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. കുറ്റപത്രത്തിൽ സെക്‌ഷൻ 20കൂടി ഉൾപ്പെടുത്തി. ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയിലോ സംഘത്തിലോ കൂട്ടത്തിലോ അംഗമാകൽ എന്നതാണ് ഈ കുറ്റം. ഫൈസൽ ഫരീദ് ഉൾപ്പെടെ ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ളതിനാൽ അനുബന്ധ കുറ്റപത്രം ഉണ്ടാകും. സ്വർണക്കടത്തു കേസിൽ മുഖ്യപ്രതികൾ ഇപ്പോഴും ജയിലിലാണെങ്കിലും പത്തു പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വർണക്കടത്തിനു ഫണ്ടു കണ്ടെത്താൻ മുഖ്യപ്രതികൾ ഇവരെ ഉപകരണമാക്കുക മാത്രമാണ് ചെയ്തതെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.