veliyettam

പള്ളുരുത്തി: വൃശ്ചിക വേലിയേറ്റം ജില്ലയിലെ കായലോര മേഖലകളിലെ താമസക്കാർക്ക് ദുരിതമാകുന്നു. ഇതിനോടകം തീരദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി. സാധാരണ വേലിയേറ്റത്തിൽ നിന്നും വ്യത്യസ്തമായാണ് ഇത്തവണത്തെ വേലിയേറ്റം. തീരമേഖലയായ കുതിരക്കൂർ കരി, കോണം, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി, പെരുമ്പടപ്പ് ,ചിറക്കൽ, വൈപ്പിൻ, ആലുവ പെരിയാർ തീരം, പറവൂർ തീരമേഖല തുടങ്ങിയ സ്ഥലങ്ങൾ പുലർച്ചെ മുതൽ വെള്ളക്കെട്ടിലാണ്.ഉച്ചയോടെ മാത്രമാണ് അല്പം ശമനം കിട്ടുന്നത്. കായലുകളിൽ ജലനിരപ്പ് ഉയർന്നതോടെ തോടുകളിലും വെള്ളം നിറഞ്ഞ് മലിനജലമടക്കമാണ് വീടുകളിലേക്ക് ഒഴുകി വരുന്നത്. കുമ്പളങ്ങി പ്രദേശങ്ങളിൽ ഉപ്പ് വെള്ളം കയറി നിരവധി വീടുകളിലെ പച്ചക്കറി കൃഷികൾ നശിഞ്ഞു. ഇത്തവണ വേലിയേറ്റം അതിരൂക്ഷമാണെന്നാണ് പഴമക്കാർ പറയുന്നത്. കൂടാതെ ചെല്ലാനം ഭാഗത്ത് കടൽഭിത്തി പൊളിഞ്ഞ് കിടക്കുന്ന ഗ്യാപ്പിലൂടെയും വഞ്ചി ഇറക്കുന്ന ഗ്യാപ്പിലൂടെയും കടൽ വെള്ളം ഇരച്ച് കയറുന്നത് തീരദേശവാസികൾക്ക് മറ്റൊരു ദുരിതമായിരിക്കുകയാണ്. പുതുതായി അധികാരമേറ്റ പഞ്ചായത്തംഗങ്ങൾ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് തീരദേശവാസികൾ പറയുന്നത്.കടൽവെള്ളവും വേലിയേറ്റവും കാരണം വീടുകളിലെ നിർമ്മാണ സാമഗ്രികളും വീട്ട് ഉപകരണങ്ങൾ വരെ നശിക്കുന്ന സ്ഥിതിയാണ്.