കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്നു വിധിപറയും. സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ മധു, ചെറിയമധു, ഷിബു, പ്രദീപ് എന്നീ പ്രതികൾക്കെതിരെ ആറു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പ്രദീപ് ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഇതൊഴിവാക്കി നാലു കേസുകളിലെ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
പ്രതികൾക്കെതിരെ നിർണായക തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെന്നും ഗൗരവമേറിയ വസ്തുതകൾ കോടതി പരിഗണിച്ചില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. 2017 ജനുവരി 13 നാണ് 13 വയസുള്ള മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.