kochi-mayor
കെ.എം.എ ലീഡർ ടോക്‌സിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ സംസാരിക്കുന്നു. മുൻ പ്രസിഡന്റ് എസ്. രാജ്‌മോഹൻ നായർ, കെ.എം. എ. പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, ഹോണററി സെക്രട്ടറി ജോമോൻ ജോർജ് എന്നിവർ സമീപം

കൊച്ചി: ശുചിത്വവും ഹരിതാഭയും ആരോഗ്യകരവുമായ കൊച്ചിയാണ് ലക്ഷ്യമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ടോക്‌സ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കോർപ്പറേഷൻ ഭരണം നല്ലരീതിയിൽ മുമ്പോട്ടുപോകാൻ എല്ലാവരുടേയും സഹകരണം ആവശ്യമുണ്ട്. കക്ഷിരാഷ്ട്രീയവും ജാതിമത പരിഗണനകളും ഉണ്ടാകില്ല. ഇടതുമുന്നണിയുടെ അജണ്ടകൾ മാത്രം നടപ്പാക്കുന്ന കൗൺസിലാവില്ല. അതിനുള്ള ഉറപ്പുകൾ സി.പി.എം നേതൃത്വത്തിൽനിന്നും നേടിയിട്ടുണ്ട്. നഗരവികസനത്തിന് വേണ്ടി ചെയ്യാനാവുന്ന എല്ലാകാര്യങ്ങളും നിർവഹിക്കാൻ തയ്യാറാണ്.
ജനങ്ങളുടെ രീതികൾ മാറണമെങ്കിൽ ആദ്യം മേയറും ഉദ്യോഗസ്ഥരുമാണ് മാറേണ്ടത്. കളക്ടറും മറ്റു വിവിധ മേഖലകളിലുള്ളവരും മേയറുടെ ചേംബറിലേക്ക് വരുന്നതുപോലെ മേയർ അവരുടെ ചേംബറുകളിലേക്കും പോകും. അത്തരത്തിലാണ് നഗരഭരണം നടത്താൻ ആഗ്രഹിക്കുന്നത്.
എല്ലാ മാസത്തിലും സാംസ്‌കാരിക പരിപാടികൾ നടത്താനും ആഗ്രഹമുണ്ട്. കൊച്ചിക്ക് രാത്രികാലജീവിതം കൂടി വേണം. രാഷ്ട്രീയം സംസാരിക്കാൻ പാടില്ലാത്ത സ്ഥാനത്താണ് താനുള്ളത് എന്നതിനാൽ എല്ലാവരുടേയും സഹായം തേടാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയുടെ വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ എല്ലാവരിൽ നിന്നും ക്ഷണിക്കുകയാണ്.
മാലിന്യപ്രശ്‌നം നിലനിൽക്കുന്ന കൊച്ചിക്ക് പരിഹാരമായ മാലിന്യസംസ്‌കരണം ആദ്യം വീട്ടിലാണ് തുടങ്ങേണ്ടത്. വീട്ടിലെ മാലിന്യങ്ങൾ ബയോഗ്യാസായും മറ്റും പരിവർത്തനപ്പെടുത്തണം. എം.എൽ.എ ടി. ജെ. വിനോദും അഞ്ച് വർഷത്തിലേറെയായി ഈ രീതിയിൽ ഗാർഹിക മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബ്രഹ്മപുരത്തെ മാലിന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ പുതിയ കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. ബ്രഹ്മപുരം കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തുന്നതിന് പകരം അതൊരു പ്ലാന്റായാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മേയർ പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി ജോമോൻ കെ. ജോർജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, രാജ്‌മോഹൻ നായർ തുടങ്ങിയവർ പങ്കെടുത്തു.