ആലുവ: മഹാപ്രളയത്തിൽ നാശം നേരിട്ട വസ്ത്രവ്യാപാര ശാലയുടെ രേഖകൾക്കായി രണ്ടര വർഷത്തോളം നഗരസഭയിൽ കയറിയിറങ്ങി ക്ഷമ നശിച്ച വ്യാപാരി ഒടുവിൽ ഓഫീസിലെത്തി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. ആലുവ സീമാസ് വെഡിംഗ് കളക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ പെരുമ്പാവൂർ കാരോത്തുകുടി വീട്ടിൽ കുഞ്ഞു മുഹമ്മദാണ് നഗരസഭയിലെത്തി പ്രതിഷേധിച്ചത്. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കുഞ്ഞുമുഹമ്മദിന് എതിരെ കേസ് എടുത്തിട്ടുണ്ട്.

2018 ഓഗസ്റ്റിലെ പ്രളയത്തിൽ സീമാസിൽ വെള്ളം കയറിയതിനെ തുടർന്ന് കടയുടെ രേഖകൾ നശിച്ചതിനാൽ ശരി പകർപ്പുകൾക്കായി 2018 സെപ്തംബർ 28ന് സർക്കാരിന്റെ വിവിധ ഓഫീസുകളിൽ അപേക്ഷ കൊടുത്തു. തുടർന്ന് സെയിൽ ടാക്‌സ്, ഇൻകം ടാക്‌സ്, ഫയർഫോഴ്‌സ്, ലേബർ വകുപ്പ്, വെയ്റ്റ് ആൻഡ് മെഷർമെന്റ് വിഭാഗം എന്നിവിടങ്ങളിൽ നിന്നും രേഖകളുടെ പകർപ്പുകൾ ലഭിച്ചു. എന്നാൽ ഇതേ ദിവസം ആലുവ നഗരസഭയിൽ സമർപ്പിച്ച അപേക്ഷയിലാണ് രണ്ടര വർഷമായി തീരുമാനമില്ലാതെ കിടക്കുന്നത്. നഗസഭ പെർമിറ്റ്, പ്ലാൻ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ, നികുതയടച്ച രസീതുകൾ എന്നിവയുടെ പകർപ്പിന് വേണ്ടിയാണ് നഗരസഭയെ സമീപിച്ചത്. ഇന്നലെ കുഞ്ഞുമുഹമ്മദ് നഗരസഭ ഓഫീസിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമുണ്ടായി. കൂടെയെത്തിയവരുമായി ഉന്തും തള്ളുംവരെ നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത കുഞ്ഞുമുഹമ്മദിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. അതേസമയം ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും അത് നൽകാത്തിനെ തുടർന്നാണ് സർട്ടിഫിക്കറ്റുകൾ വൈകിച്ചതെന്നുമാണ് കുഞ്ഞുമുഹമ്മദിന്റെ ആരോപണം.

സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ

നിർദ്ദേശം നൽകി: ചെയർമാൻ

ആലുവ: സാങ്കേതിക കാരണം കൊണ്ടാണ് രേഖകൾ നൽകാൻ വൈകിയതെന്നും പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോൾ തന്നെ സീമാസിന്റെ അപേക്ഷയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശം നൽകിയെന്നും ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. ബുധനാഴ്ച എല്ലാ സർട്ടിഫിക്കറ്റുകളും നൽകുമെന്ന് അറിയിച്ചിരുന്നതാണ്. അതിന് മുമ്പായി നഗരസഭയിലെത്തി സർട്ടിഫിക്കറ്റ് ചോദിച്ചതോടെ തർക്കമുണ്ടാവുകയായിരുന്നു. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് വ്യാപാരിയെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.