കൊച്ചി: കൊച്ചി മെട്രോയുടെ സൈക്കിൾ സ്നേഹം ആദ്യഘട്ടം മുതലേ നമുക്കറിയാം. ഒടുവിൽ സൈക്കിളുമായി മെട്രേയിൽ യാത്ര ചെയ്യാനും അധികൃതർ അവസരമൊരുക്കി. ഇവിടം കൊണ്ട് തീരുന്നില്ല. സൈക്കിൾ യാത്ര ജനകീയമാക്കാൻ കൂടുതൽ സൈക്കിൾസൗഹൃദമാക്കാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ. സൈക്കിൾ ഷെയറിംഗ് പദ്ധതി വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി പങ്കിട്ട് ഉപയോഗിക്കാൻ ആയിരം പുതിയ സൈക്കിളുകളുകളാണ് എത്തിക്കുക. മെട്രോ സ്‌റ്റേഷനുകളിൽ പാർക്കിംഗ്, ലോക്കിംഗ് സംവിധാനം എന്നിവ ഉപയോഗിച്ച് സൈക്കിൾ സ്റ്റാൻഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മെട്രോ യാത്രക്കാർക്ക് സൈക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാം. കെ.എം.ആർ.എലും കൊച്ചിൻ സ്മാർട്ട്‌സിറ്റി മിഷൻ ലിമിറ്റഡുമാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്.
ചെലവ് കണക്കിലെടുത്ത് സേവനദാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക, പദ്ധതി ലാഭകരമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഡോക്കിംഗ് സ്‌റ്റേഷനുകളും സുഗമമാക്കുക, യാത്രക്കാർക്ക് മിതമായ നിരക്കിൽ സൈക്കിൾ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. കൊവിഡ് കാലത്ത് നഗരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി, ഓഫീസ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പാർക്കുകൾ, റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ ഡോക്കിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് സന്നദ്ധമായ സ്ഥാപനങ്ങളിൽ നിന്ന് കെ.എം.ആർ.എൽ. അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 04842846700.
22 സ്റ്റേഷനിലും സൈക്കിൾ
കൂടുതൽ സൈക്കിളുകൾ എത്തിക്കുന്നതോടെ 22 മെട്രോ സ്‌റ്റേഷനുകളും സൈക്കിൾ ഷെയറിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തും.
അൽകേഷ് കുമാർ ശർമ
മാനേജിംഗ് ഡയറക്ടർ
കൊച്ചി മെട്രോ