pavakka

കോലഞ്ചേരി: പ്രഖ്യാപനത്തിലൊതുങ്ങി പച്ചക്കറി തറവില. കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് പരാതി. നിലവിൽ പാവയ്ക്കയുടെ വില പകുതിയിൽ താഴെയായി. മ​റ്റു പച്ചക്കറികളുടെ വിലയും താഴോട്ട് തന്നെ. വിളവെടുപ്പ് കാലത്തെ പച്ചക്കറി വിലയിടിവ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഒരു കിലോ പാവയ്ക്കയ്ക്ക് കർഷകർക്ക് 20 മുതൽ 25 വരെയാണ് ലഭിക്കുന്നത്. ചില പച്ചക്കറികൾ വെറുതേ നൽകിയാൽ പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ആറ് ഇനം പച്ചക്കറികൾക്കാണ് ആദ്യഘട്ടത്തിൽ തറവില നിശ്ചയിച്ചത്. ഇതിൽ പാവയ്ക്കയും പെട്ടിരുന്നു. പാവയ്ക്കയ്ക്ക് 30 രൂപയാണ് തറവില.കാർഷിക സൊസൈ​റ്റികൾ, ഹോർട്ടികോർപ് വെജി​റ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവ വഴി പച്ചക്കറികൾ സംഭരിച്ച് ന്യായവില നൽകുകയാണ് ചെയ്യുന്നത്. തറ വിലയ്ക്ക് വിൽക്കണമെങ്കിൽ കർഷകർ ആദ്യം എയിംസ് സൈ​റ്റിൽ റജിസ്‌ട്രേഷൻ നടത്തണം. എന്നാൽ ജില്ലയിൽ ഏതാനും കർഷകർ മാത്രമേ ഇവിടെ രജിസ്​റ്റർ ചെയ്തിട്ടുള്ളു.