കൊച്ചി: നയതന്ത്രചാനൽ ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് രാവിലെ 11ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. ഇ മെയിൽവഴി നൽകിയ നോട്ടീസിന് പിന്നാലെ വിവരം ഫോണിലൂടെ വിളിച്ചറിയിക്കുകയും ചെയ്തു. ഇന്നലെ ഹാജരാകണമെന്ന് വാട്സ് ആപ്പിലൂടെ നോട്ടീസ് നൽകിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറിയിരുന്നു. ഇതോടെയാണ് കസ്റ്റംസിന്റെ ദ്രുതനീക്കം. ശ്രീരാമകൃഷ്ണനെതിരെ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത് എന്നിവർ രഹസ്യമൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അയ്യപ്പനെ പ്രാഥമികമായി ചോദ്യംചെയ്യുന്നത്. ഇതിനുശേഷം സ്പീക്കറെയും ചോദ്യം ചെയ്തേക്കും.