മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ അഞ്ചൽപെട്ടിയിൽ പരിപ്പ് തോട് പാടശേഖരം നവീകരണത്തിനെരുങ്ങുന്നു. പാടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിന് നബാർഡിൽ നിന്നും 1.52 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ആയവന ഗ്രാമപഞ്ചായത്തിലെ 60 ഏക്കർ വരുന്ന പ്രധാന പാടശേഖരങ്ങളിലൊന്നായ പരിപ്പ് തോട് പാടശേഖരത്തിനെ കൃഷിക്കനുയോജ്യമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നിർവഹണ ചുമതല. ഒന്നര കിലോമീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്. പാടത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന പരിപ്പ് തോട് ഇതോടൊപ്പം നവീകരിക്കും. പത്ത് മീറ്ററോളം വീതിയുള്ള തോടിന് ഇരുവശത്തും സംരക്ഷണ ഭിത്തി നിർമിക്കുകയും തോടിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്യും.
തോട് നവീകരിക്കുന്നതോടെ വർഷക്കാലത്ത് പാടത്തെ വെള്ളകെട്ടിന് പരിഹാരവും വേനൽ കാലത്ത് ജലവിതരണം സുഗമമാക്കുന്നതിനും സഹായകരമാകും.
പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ പരിപ്പ്‌തോട് പാടശേഖരത്ത് നടപ്പിലാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ആയവന ഗ്രാമ പഞ്ചായത്ത് സുറുമി അജീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിവാഗോ തോമസ് വാർഡ് മെമ്പർ അനീഷ് പി.കെ., മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജി അലിയാർ, മുൻ മെമ്പർ മാരായ കെ.എസ് രമേശ് കുമാർ, ദീപാ ജിജിമോൻ, ക്യഷി അസി.ഡയറക്ടർ ടാനി തോമസ്, ആയവന കൃഷി ഓഫീസർ ബോസ് മത്തായി, ഏനാനെല്ലർ വില്ലേജ് ഓഫീസർ ഷീജ ജോൺ, കെ.എൽ.ഡി.സി ഉദോഗസ്ഥർ,പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
നബാർഡിൽ നിന്നും 1.52 കോടി
മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായി തരിശായി കിടക്കുന്ന ഭൂമികളെല്ലാം തന്നെ കൃഷിക്കനുയോജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എം.എൽ. എ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് പരിപ്പ്‌തോട് പാടശേഖരത്തിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നബാർഡിൽ നിന്നും 1.52 കോടി രൂപ അനുവദിച്ചത്.