cinema

കൊച്ചി: തിയേറ്ററുകൾ തുറക്കുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബറിന്റെ യോഗം കൊച്ചിയിൽ ആരംഭിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ തിയേറ്റർ ഉടമകളും ഡിസ്ട്രിബ്യൂട്ടേഴ്സും ഉൾപ്പെടെ പങ്കെടുക്കും. ഇരുകൂട്ടരും തമ്മിലുള്ള തർക്കം ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് ശേഷമാകും തീയേറ്ററിൽ മലയാള സിനിമ എന്ന് റിലീസ് ചെയ്യണമെന്നതിനെ കുറിച്ച് തീരുമാനമാകുകയെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം തിയേറ്ററുകൾ തുറക്കാൻ ഇന്നലെ ചേർന്ന തിയേറ്റർ ഉടമകളു‌ടെ യോഗത്തിൽ ധാരണയായിട്ടുണ്ട്. 13 ന് വിജയിന്റെ തമിഴ് സിനിമയായ മാസ്റ്ററായിരിക്കും ആദ്യം പ്രദർശിപ്പിക്കുക. മലയാള സിനിമയിലെ തർക്കം പരിഹരിച്ചാൽ അതിന് മുമ്പ് മലയാള സിനിമ റിലീസ് ചെയ്യുമോ എന്നാണ് അറിയാനുള്ളത്.

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഫെഡറേഷൻ ഒഫ് യുണൈറ്റഡ് ഓർഗനൈസേഷൻസ് കേരളയുടെ യോഗമാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ നടത്താനും കൊവിഡ് നിബന്ധനകൾ പാലിക്കാനും ഒരാഴ്ച സമയം ആവശ്യമുണ്ട്. തിയേറ്ററുകൾ ഇനിയും അടച്ചിടുന്നത് ഗുണകരമാകില്ലെന്നാണ് പൊതുവായുയർന്ന നിർദ്ദേശമെന്ന് ഭാരവാഹികൾ പറഞ്ഞു. കുടിശിക നൽകാതെ പുതിയ സിനിമകൾ വിതരണം ചെയ്യില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ തീരുമാനം. 21 കോടി രൂപയാണ് ലഭിക്കാനുള്ളത്. കൊവിഡിനെ തുടർന്ന് തീയേറ്ററുകൾ ഒരു വർഷത്തോളം അടഞ്ഞു കിടന്ന പശ്ചാത്തലത്തിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് ഇന്നത്തെ യോഗത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന. ലഭിക്കാനുള്ള തുകയിൽ ഒരു വിഹിതം ലഭിക്കുകയും ബാക്കി തുക നൽകുന്നതിനെ കുറിച്ച് ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്നും വിതരണക്കാർ പറയുന്നു.