1

പെരുമ്പാവൂർ: വനവും വന്യമൃഗങ്ങളെയും അടുത്തറിയാനും ആനന്ദകരായ വേളകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കപ്രിക്കാട് അഭയാരണ്യത്തെ അധികൃതർ അവഗണിച്ചതോടെ ഇങ്ങോട്ടേക്ക് ആരും എത്തുന്നില്ല. കൊവിഡ് കാലത്തോടെ ടൂറിസ്റ്റുകൾ കപ്രിക്കാടിനെ പാടേ മറന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവഗണിച്ചിരിക്കുകയാണ് ഈ ഉല്ലാസകേന്ദ്രത്തെ.
100 ഏക്കറോളം വിസ്തൃതിയിൽ വനാന്തരീക്ഷത്തിലുളള വിനോദസഞ്ചാര കേന്ദ്രമാണ് കോടനാട് കപ്രിക്കാട് അഭയാരണ്യകേന്ദ്രം. മാനുകൾ, മ്‌ളാവുകൾ, ആനകൾ, ഏറുമാടങ്ങൾ, ഊഞ്ഞാലുകൾ, കുട്ടികളുടെ പാർക്ക്, ഉദ്യാനം എന്നിവ അഭയാരണ്യത്തിലുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയെങ്കിലും സഞ്ചാരകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കുവാൻ അധികാരികൾ തയ്യാറായിട്ടില്ല. വിനോദസഞ്ചാരമേഖലകൾ കുതിച്ചുണർന്ന സാഹചര്യത്തിൽ അഭയാരണ്യത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. കാടിന്റെ കാവ്യഭംഗിയും പെരിയാറിന്റെ ശുദ്ധജലവും മലയാറ്റൂർമലയുടെ തലയെടുപ്പും അഭയാരണ്യകേന്ദ്രത്തെ ധന്യമാക്കുന്നു. എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങൾ തുറന്നിട്ടും അഭയാരണ്യം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.


തുറന്ന് പ്രവർത്തിപ്പിക്കണം: വനം സംരക്ഷണ സമിതി
അഭയാരണ്യകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് കപ്രിക്കാട് വനസംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർ നടപടി ഉണ്ടാകാത്തപക്ഷം സമിതി ജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടികൾ ആരംഭിക്കുമെന്ന് സമിതി പ്രസിഡന്റ് എം.എസ്. സുകുമാരൻ പറഞ്ഞു. യോഗത്തിൽ വൈസ്. പ്രസിഡന്റ് ലീല ശിവരാജൻ, സി.കെ. ഷൺമുഖൻ, പോൾ കുര്യൻ, റ്റി.ഐ. ചന്ദ്രൻ, കെ.ഇ. വർഗീസ്, വി.എം. ജയൻ എന്നിവർ പങ്കെടുത്തു.