കൊച്ചി: കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. പുതിയ നിയമങ്ങൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ ഗുരുതരമാക്കും. കാർഷികമേഖലയെ തകർക്കുമെന്ന ആശങ്ക തള്ളിക്കകളയാനാവില്ല. സർക്കാർ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികൾക്ക് പുറത്ത് യാതൊരു നിയന്ത്രണങ്ങളും സാദ്ധ്യമാവത്തതും താങ്ങുവില ഇല്ലാത്തതുമായ സ്വതന്ത്ര വിപണികൾ കർഷകരെ സഹായിക്കുമെന്നും കരുതാനാവില്ല. കരാർകൃഷി കർഷകരെക്കാൾ കാർഷിക ഉത്പന്നങ്ങൾ ആവശ്യമുള്ള കോർപ്പറേറ്റ് കമ്പനികളെയാണ് സഹായിക്കുന്നത്. കൊടുംശൈത്യത്തിലും മഴയിലും പ്രക്ഷോഭം നടത്തുന്ന കർഷകരോട് രാജ്യത്തിന്റെ പൊതു മന:സാക്ഷി പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എറണാകുളത്ത് ചേർന്ന മെത്രാൻസമിതി യോഗം ആഭ്യർത്ഥിച്ചു. പ്രസിഡന്റ് ബിഷപ്പ് ഡോ ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പുമാരായ ഡോ. സൂസെപാക്യം, ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ജനറൽ സെക്രട്ടറി ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവരുൾപ്പെടെ മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു.