vytila-flyover
ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വൈറ്റില ഫ്ളൈഓവർ

വൈറ്റില, കുണ്ടന്നൂർ ഫ്ലൈഓവറുകൾ നാളെ തുറക്കും

കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലയായ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് അഴിക്കുന്ന ഫ്ളൈഓവറുകൾ വാഹനങ്ങൾക്ക് തുറന്നുകൊടുക്കാൻ ഇനി മണിക്കൂറുകൾ ബാക്കി. വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകളാണ് തുറക്കുന്നത്. പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ചുപണിയും പൂർത്തിയായാൽ ദേശീയപാത 66 ൽ ഇടപ്പളളി മുതൽ അരൂർ വരെ കുരുക്കില്ലാതെ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കും.

വൈറ്റില ഫ്ലൈഓവർ ശനിയാഴ്ച (9 ന് ) തുറക്കും. രാവിലെ 9 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളൈഓവർ നാടിന് സമർപ്പിക്കും. 11 ന് മുഖ്യമന്ത്രി തന്നെ കുണ്ടന്നൂർ ഫ്ളൈ ഓവറും ഉദ്ഘാടനം ചെയ്യും.

തുടക്കം 2017ൽ

2017 ഫെബ്രുവരിയിൽ ദേശീയപാത അതോറിറ്റി സാദ്ധ്യതാപഠനം നടത്തി വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകൾക്ക് സാങ്കേതിക അനുമതി നൽകി. അതേവർഷം ഡിസംബർ 11 ന് വെറ്റില ഫ്ളൈഓവർ നിർമ്മാണം തുടങ്ങി. 2018 മാർച്ച് 26 ന് കുണ്ടന്നൂർ ഫ്ളൈഓവർ നിർമ്മാണവും ആരംഭിച്ചു.

അപ്രോച്ച് റോഡുൾപ്പെടെ 714 മീറ്ററാണ് വൈറ്റില ഫ്ളൈഓവറിന്റെ നീളം. ഫ്ലൈ ഓവറിന്റെ മാത്രം നീളം 440 മീറ്റർ. 30 മീറ്ററിന്റെ 12 ഉം 40 മീറ്ററിന്റെ 2 ഉം ഉൾപ്പെടെ ആകെ 14 സ്പാനുകൾ. ചെലവ് 85 കോടി. കുണ്ടന്നൂർ പാലത്തിന്റെ ആകെ നീളം 701 മീറ്റർ. കോൺക്രീറ്റും ടാറും തമ്മിൽ കൃത്യമായ ബോണ്ടിംഗ് ഉണ്ടാകുന്നതിനു ഉപരിതലത്തിൽ മാസ്റ്റിക് അസ്‌ഫാൾട്ട് 12.2 സെന്റീമീറ്റർ കനത്തിൽ ചെയ്തു.

അതിനു പുറത്ത് ബിറ്റുമിൻ ടാറിംഗും നടത്തി.

ആകെ 28 സ്പാനുകൾ. ഇരുവശത്തും മൂന്ന് വരി വീതം ആറുവരിപ്പാത 24.1 മീറ്ററാണ് റോഡിന്റെ വീതി. കുണ്ടന്നൂർ പാലത്തിന്റെ നീളം 731 മീറ്റർ. ഉയരം 6.5 മീറ്റർ ആറുവരിപ്പാതയുടെ വീതി 241 മീറ്റർ.

മെട്രോയിൽ തട്ടില്ല

പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ പോകുമ്പോൾ മെട്രോ പാതയിൽ തട്ടുമെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തു 4.7 മീറ്ററാണ് വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റർ ക്ലിയറൻസ് പാലത്തിലുണ്ട്. ഇതിലും ഉയരം കൂടുതലുള്ള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കാതിരിക്കാനാണ് ഹൈറ്റ് ഗേജുകൾ പാലത്തിന്റെ രണ്ടറ്റത്തും സ്ഥാപിച്ചത്.

സിഗ്നലുകൾ റെഡി

അടിപ്പാതകളുടേയും ട്രാഫിക് ഐലന്റുകളുടെയും നിർമ്മാണം പൂർത്തിയായി. അടിയിൽ മൂന്നു ഭാഗങ്ങളിലായി തിരിച്ച റോഡുകളിലെ സിഗ്നൽ ലൈറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ദിവസങ്ങളിൽ പ്രവൃത്തിപ്പിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഐസക് വർഗീസ് പറഞ്ഞു. ബെെപ്പാസിന്റെ ഇരുകെെവരികളിൽ നിശ്ചിത അകലത്തിൽ വിളക്കുകളും തെളിയും.

നിർമ്മാണം വെല്ലുവിളി

ഒത്തിരി വെല്ലുവിളികൾ നേരിട്ടാണ് വൈറ്റില ഫ്ളൈഓവർ പണി പൂർത്തീകരിച്ചത്. ഞങ്ങൾക്ക് പുതിയ അനുഭവം കൂടിയായിരുന്നു. പല കോണുകളിൽ നിന്നും അനാവശ്യമായ എതിർപ്പുകൾ ഏറെ നേരിടേണ്ടിവന്നു. മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും നൽകിിയ പിന്തുണ വലുതാണ്.

രാജു ചാക്കോ,കോൺട്രാക്ടർ