bus

കൊച്ചി: തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോയിൽ നിന്ന് ബസ് സൗകര്യം ഒരുക്കും. ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. കുളച്ചൽ ഗ്രൗണ്ടിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രീതിയിൽ ബസ് ഒൺ ഡിമാന്റ് (ബോണ്ട്) സർവീസുകളാണ് ക്രമീകരിക്കുക. ഈമാസം 11 മുതൽ 21 വരെയാണ് റിക്രൂട്ട്‌മെന്റ് റാലി. പുലർച്ചെ അഞ്ച് മുതൽ റിക്രൂട്ട്‌മെന്റ് റാലി ആരംഭിക്കുന്നതിനാൽ മൂന്നു മണി മുതൽ ഉദ്യോഗാർത്ഥികൾക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ എത്തിച്ചേരുന്നതിനും തിരിച്ചുപോരുന്നതിനും കഴിയുന്ന വിധമാണ് ബസുകൾ സർവീസ് നടത്തുക. ആർമി റിക്രൂട്ട്‌മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവീസുകൾക്ക് പുറമെ ഉദ്യോഗാർത്ഥികൾക്കായി അധിക സർവീസുകളും നടത്തുന്നുണ്ട്. ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡസ്‌കുകളും ആരംഭിച്ചു. യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെ.എസ്.ആർ.ടി.സിയുടെ വിപുലമായ ക്രമീകരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 48,000ത്തിലധികം ഉദ്യോഗാർത്ഥികൾ പത്തു ദിവസത്തെ റാലിക്കെത്തുമെന്നാണ് കണക്കാക്കുന്നത്. എല്ലാ ദിവസവും 4000ൽ അധികം ഉദ്യോഗാർത്ഥികൾക്ക് റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം അനുസരിച്ച് സർവീസുകൾ ക്രമീകരിക്കുമെന്ന് എറണാകുളം ഡി.ടി.ഒ. വി.എം. താജുദ്ദീൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : എറണാകുളം 9495099908, 7012193494, 8848624265.