പ്രതികളെ വെറുതേവിട്ടത് ഹൈക്കോടതി റദ്ദാക്കി

........................................................................................

@പൊലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം

@പോക്‌സോ കോടതി വിചാരണ പ്രഹസനമാക്കി

@ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ

കൊച്ചി: മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാർ പീഡന കേസിൽ പ്രതികളെ വെറുതേവിട്ട പാലക്കാട് പോക്സോ കോടതി ഉത്തരവ് റദ്ദാക്കി, നിശ്ശബ്ദമാക്കാനാകാത്ത നീതിയുടെ മുഴക്കമായി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ ക്രൂരമായ ലൈംഗിക പീഡനത്തെത്തുടർന്ന് ദുരൂഹമായി മരിച്ച കേസുകളിൽ വിചാരണ പ്രഹസനമാക്കിയെന്ന് വിമർശിച്ച ഡിവിഷൻ ബെഞ്ച്,​ പോക്സോ കോടതിയോട് പുനർവിചാരണ നടത്താനും ഉത്തരവിട്ടു. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20 ന് വിചാരണ കോടതിയിൽ ഹാജരാകണം.

പ്രാഥമിക അന്വേഷണത്തിൽ പൊലീസും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി,​ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. പ്രതികളെ വെറുതേ വിട്ടതിനെതിരെ സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസുമാരായ എ. ഹരിപ്രസാദ്,​ എം. ആർ അനിത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി.

പ്രതികളെ വെറുതേവിട്ടത് മതിയായ തെളിവില്ലാത്തതുകൊണ്ടല്ല, വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരർത്ഥകമാക്കിയത്. സത്യം പുറത്തുകൊണ്ടുവരാൻ വിചാരണക്കോടതി ഫലപ്രദമായി ഇടപെട്ടതുമില്ല. അസാധാരണ നടപടികൾ ആവശ്യമായ അസാധാരണ സാഹചര്യമാണ് കേസിലുള്ളത്.

നീതിപൂർവമായ വിചാരണ പ്രോസിക്യൂഷന്റെയും പ്രതികളുടെയും അവകാശമാണ്. പോക്സോ കേസുകൾ,​ പ്രത്യേകിച്ച്​ സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകൾ കോടതി ജാഗ്രതയോടെയും കരുതലോടെയും കൈകാര്യം ചെയ്യണം.

ജഡ്ജിമാർക്ക് പരിശീലനം

നൽകാൻ നിർദ്ദേശം

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അഡി. സെഷൻസ് ജഡ്‌ജിമാർക്കായി കേരള ജുഡിഷ്യൽ അക്കാഡമി പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

 ഇത്തരം കേസുകളിലെ സാമൂഹ്യവും മാനസികവും നിയമപരവുമയ വസ്തുതകളെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകണം.

 അന്വേഷണത്തിലും പ്രോസിക്യൂഷനിലും സമാനമായ വീഴ്ചകൾ ഒഴിവാക്കാൻ വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് നൽകണം.

 കേസ് തെളിയിക്കാൻ വാക്കാലോ രേഖാമൂലമോ പുതിയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനെയും,​ പ്രതിഭാഗം ആവശ്യപ്പെട്ടാൽ അവരെയും വിചാരണക്കോടതി അനുവദിക്കണം.

 സാക്ഷികളെ ഉൾപ്പെടെ വിളിച്ചുവരുത്തി വിസ്തരിക്കാൻ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 311 പ്രകാരമുള്ള അധികാരം ആവശ്യമെങ്കിൽ ഉപയോഗിക്കണം.

 വാളയാർ കേസ്

ദളിത് സഹോദരിമാരിൽ 13 വയസുള്ള കുട്ടിയെ 2017 ജനുവരി 13നും ഒമ്പതുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വലിയ മധു ഇരുകുട്ടികളെയും പീഡിപ്പിച്ചെന്നും കുട്ടി മധുവും ഷിബുവും മൂത്തകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. മറ്റൊരു പ്രതിയായ പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു. ഇയാൾക്കെതിരായ കേസുകൾ ഒഴിവാക്കി.