pakshipani

കൊച്ചി: സമീപജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലെ കർഷകരും ഭീതിയിൽ. പുത്തൻവേലിക്കരയിൽ കഴിഞ്ഞ ദിവസം രണ്ട് താറാവുകൾ ചത്തത് ആശങ്കയിരട്ടിപ്പിച്ചു. അവയ്ക്ക് വൈറസ് ബാധ സംശയിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. രോഗബാധയില്ലെന്ന് ഉറപ്പുവരുത്താൻ ചത്ത താറാവുകളെ പ്ളാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് തെർമ്മോകൂളറിലാക്കി വിദഗ്ദ്ധ പരിശോധനയ്ക്ക് പാലക്കാട് പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ചു. രോഗബാധയില്ലാത്ത താറാവുകളുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്രിസ്‌മസ്, പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നെത്തിച്ച താറാവുകൂട്ടങ്ങളെ നിരീക്ഷിക്കാൻ കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് പ്രത്യേക നിർദേശം നൽകി. വൈപ്പിൻ, പുത്തൻവേലിക്കര, ചൂർണിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ താറാവ് കൃഷിയുള്ളത്.

പക്ഷിപ്പനി ഭീതിയിൽ നാട്

എച്ച് 5 എൻ 8 എന്ന വൈറസാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു

മുട്ടയും മാംസവും

ധൈര്യമായി കഴിക്കാം

ദേശാടനപ്പക്ഷികളായ നീർകാക്ക, കാട്ടുതാറാവ്, കടൽപ്പക്ഷികൾ എന്നിവ വഴിയാണ് രോഗം പടരുന്നത്. പക്ഷികളുടെ കാഷ്ടത്തിൽ പത്തു ദിവസംവരെ വൈറസുകൾ ജീവനോടെയിരിക്കുന്നു. രണ്ടോ മൂന്നോ കിലോമീറ്റർ വായുവിൽ സഞ്ചരിക്കാൻ കഴിവുള്ള വൈറസുകൾ 56 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയിൽ നിലനിൽക്കില്ല. അതിനാൽ നന്നായി പാകം ചെയ്യുന്ന കോഴിഇറച്ചി, മുട്ട എന്നിവയിൽ കൂടി പക്ഷിപ്പനി പകരില്ല.

മുൻകരുതലുകൾ

1.വൈറസ് രോഗമായതിനാൽ ചികിത്സ ഫലപ്രദമല്ല

2.രോഗപ്രതിരോധത്തിന് രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് പക്ഷികളെയും മൃഗങ്ങളെയും പുറത്തു കൊണ്ടുപോകുന്നത് തടയണം

3.കോഴി, താറാവ് എന്നിവ വളർത്തുന്ന കേന്ദ്രങ്ങളിൽ ശുചിത്വം കർശനമായും പാലിച്ചിരിക്കണം

4.രോഗലക്ഷണം കാണിക്കുന്നവയെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവു ചെയ്യുക

5.പരിസരം അണുവിമുക്തമാക്കുക

6.കോഴി ഫാമുകളിലെ ജോലിക്കാർ മുഖംമൂടി, കൈയുറ എന്നിവ ധരിക്കണം

ജില്ല സുരക്ഷിതം

പക്ഷിപ്പനിക്കെതിരെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. താറാവുകൾ കൂട്ടത്തോടെ ചത്താൽ വിവരം അറിയിക്കണമെന്ന് പ്രാദേശിക തലത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

ഗോപകുമാർ

ജില്ല മൃഗസംരക്ഷണ ഓഫീസർ