കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എട്ട് സിറ്റിംഗ് എം.എൽ.എമാരെ മാറ്റാൻ പാർട്ടി നേതൃത്വത്തിന്റെ പച്ചക്കൊടി. എട്ട് മണ്ഡലങ്ങളിലും പുതുമുഖങ്ങളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ പരാജയം രുചിക്കേണ്ടിവരുമെന്ന ജില്ലാ ഘടകങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. വിവിധ സാമുദായിക സംഘടനകളുടെ സമ്മർദ്ദം അനുസരിച്ചാവും അന്തിമ തീരുമാനം.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന്റെ നേതൃത്വത്തിൽ ജില്ലകളിലെ നേതൃയോഗങ്ങൾ നടക്കവെ, നേതൃത്വത്തിൽ സമ്മർദം മുറുകുകയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പാണക്കാട് കുടുംബത്തിനും ആഗ്രഹമുണ്ട്. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന നേതൃയോഗം തുടർച്ചയായി രണ്ടുതവണ നടന്നുകഴിഞ്ഞു. മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ സിറ്റിംഗ് സീറ്റുകളിലെ മാറ്റത്തിനായി മുറവിളി ശക്തമാണ്. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുൽ വഹാബും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരികയാണ്. അബ്ദുൽ വഹാബ് ആദ്യമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
.മാറ്റാൻ സമ്മർദ്ദമുള്ള
മണ്ഡലങ്ങൾ:
മഞ്ചേരി, മങ്കട, തിരൂരങ്ങാടി, തിരൂർ, കളമശേരി, കാസർകോട്, മഞ്ചേശ്വരം, മലപ്പുറം.
.പുതുമുഖങ്ങൾ:
പി.കെ. ഫിറോസ്, പി.എം. സാദിഖലി, ടി.പി. അഷ്റഫലി, സി.കെ. സുബൈർ, ടി.ടി. ഇസ്മയിൽ, നജീബ് കാന്തപുരം, വി.എം. അബ്ദുൽ ഗഫൂർ, ഇ.ടി. അബ്ദുള്ള, കല്ലട ഖാദർഹാജി.
തിരിച്ചുവരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, അബ്ദുൽ വഹാബ് മഞ്ചേരിയിലും, മണ്ണാർക്കാട് എം.എൽ.എ ഷംസുദീൻ സ്വന്തം നാടായ തിരൂരിലും, ഉറച്ച സീറ്റിലേക്ക് പരിഗണിക്കുന്ന എം.കെ. മുനീർ തിരൂരങ്ങാടിയിലും മത്സരിച്ചേക്കും. മണ്ണാർക്കാട്ട് പി.എം. സാദിഖലിയും, കോഴിക്കോട് സൗത്തിൽ ടി.ടി. ഇസ്മായിലും പരിഗണിക്കപ്പെടുന്നു. അനാരോഗ്യവും വിജിലൻസ് കേസും കാരണം വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരരംഗത്തുണ്ടാവില്ല. മകനും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.എം. അബ്ദുൽ ഗഫൂറിനെ പകരം പരിഗണിക്കും. കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന എം.സി. കമറുദ്ദീൻ മാറുമ്പോൾ, കാസർകോട്ടും മാറ്റം വേണമെന്നാണ് ജില്ലാലീഗിലെ അഭിപ്രായം. അവിടെ ഇ.ടി. അബ്ദുള്ള, കല്ലട ഖാദർഹാജി എന്നിവർ മത്സരിക്കണമെന്നാണാവശ്യം. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്ക് കോടതിവിധി തുണയായില്ലെങ്കിൽ പകരം ആരു വേണമെന്ന് തീരുമാനമായില്ല. മുൻ മന്ത്രി കെ.പി. മോഹനൻ യു.ഡി.എഫിൽനിന്ന് ഇടതുപക്ഷത്തേക്ക് മാറിയ സാഹചര്യത്തിൽ മുസ്ലിംലീഗിന് തിരികെ ലഭിക്കുന്ന മണ്ഡലത്തിൽ യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിന് നറുക്ക് വീണേക്കും.
കൂടുതൽ പാർട്ടികൾ
യു.ഡി.എഫിലെത്തും:
കുഞ്ഞാലിക്കുട്ടി
മലപ്പുറം: എൻ.സി.പിക്ക് പിന്നാലെ കൂടുതൽ പാർട്ടികൾ യു.ഡി.എഫിലേക്ക് വരുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കുന്നത് ലീഗ് ആലോചിച്ചിട്ടില്ല. പല തരത്തിലുള്ള പദവികൾ ചോദിക്കുമെന്നതൊക്കെ തെറ്റായ പ്രചാരണങ്ങളാണ്. യു.ഡി.എഫ് മികച്ച നിലയിലാണ് മുന്നോട്ടുപോവുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തുവന്ന് നടത്തുന്ന ചർച്ച ആരോഗ്യകരമാണ്.
യു.ഡി.എഫിൽ എല്ലാവരും ഒന്നിച്ചെടുക്കുന്ന തീരുമാനങ്ങളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടുപോവുന്ന നയമാണ് ലീഗിനുള്ളത്. എവിടെയും ഒരു മേധാവിത്വവും ലീഗെടുത്തിട്ടില്ല. സമന്വയത്തിന്റെ പാതയേ തുടരൂ. വിട്ടുവീഴ്ചയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട പാർട്ടിയാണ് ലീഗ്. ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നത്. സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കാൻ നോക്കുന്നത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.