അടിയന്തര കൗൺസിൽ യോഗം ഇന്ന്
ആലുവ: നിർമ്മാണം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് വിവാദത്തിലായ ആലുവയിലെ നിർദ്ദിഷ്ഠ മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് കിഫ്ബി ഇംപാക്ട് കേരള ലിമിറ്റഡിന്റെ സാമ്പത്തിക സഹായ വാഗ്ദാനം. ഇതേതുടർന്ന് ഫണ്ട് സ്വീകരിക്കണമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇന്ന് അടിയന്തര കൗൺസിൽ യോഗം ചേരും.
കിഫ്ബി നിർമ്മാണത്തിനാവശ്യമായ ഫണ്ട് വകയിരുത്തി ഭരണാനുമതി നൽകിയതായി അറിയിച്ച് പ്രൊജക്ട് ഡയറക്ടർ മാസങ്ങൾക്ക് മുമ്പ് നഗരസഭക്ക് നൽകിയ കത്താണ് കൗൺസിൽ യോഗം പരിഗണിക്കുന്നത്. 2020 മാർച്ച് 16ന് നഗരസഭ കൗൺസിൽ ചർച്ച നടത്തിയെങ്കിലും കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷൻ വായ്പ ഉപയോഗിച്ച് മാർക്കറ്റ് സമുച്ചയം നിർമ്മിച്ചാൽ മതിയെന്നായിരുന്നു ഭരണകക്ഷിയായ കോൺഗ്രസിന്റെ നിലപാട്. സ്വന്തമായി സ്ഥലമുള്ള നഗരസഭകൾക്ക് കിഫ്ബി 20 കോടി രൂപയുടെ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രകാരമായിരുന്നു ആലുവ മാർക്കറ്റിന്റെ വിഷയവും പരിഗണനക്ക് വന്നത്. അന്നത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ തിരുവനന്തപുരത്ത് കിഫ്ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്ന് വിഷയം കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ അവതരിപ്പിച്ചെങ്കിലും നിർമ്മാണത്തിന് ഇനിയും കാലതാമസമുണ്ടാകുമെന്നതിനാൽ ഉപേക്ഷിക്കാനായിരുന്നു തീരുമാനം.
അതേപദ്ധതി തന്നെ വീണ്ടും പൊടിതട്ടിയെടുക്കുമ്പോൾ മാർക്കറ്റ് സമുച്ചയ നിർമ്മാണം ഇനിയും അനിശ്ചിതമായി നീളുമോയെന്ന ആശങ്കയുണ്ട്. വിശദമായ പ്രൊജക്ട് റിപ്പോർട്ട് ഉൾപ്പെടെ നൽകിയെങ്കിലെ ഫണ്ട് ലഭ്യമാകൂ.
പെരുമ്പാവൂർ സ്വദേശിയായ ഹസൻ എന്നയാൾക്ക് നിർമ്മാണ കരാർ നൽകിയിരുന്നു.രൂപരേഖയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നും നഗരസഭക്കും കൗൺസിലർമാർക്കും ഭാവിയിൽ സാമ്പത്തിക ബാദ്ധ്യത വരാത്ത രീതിയിലുള്ള ബഡ്ജറ്റിലായിരിക്കണം മാർക്കറ്റ് നിർമ്മിക്കേണ്ടതെന്നും ഒരു വിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചത് 2014ൽ
2014ലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചത്. ആലുവയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭൂമിക്ക് രേഖകളില്ലാത്തതിനാൽ വായ്പ ലഭ്യമായില്ല. ഇതേതുടർന്ന് കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷനിൽ നിന്നും ഒന്നര വർഷം മുമ്പ് വായ്പ ലഭ്യമായെങ്കിലും സാങ്കേതിക കാരണങ്ങളാൽ പിന്നെയും നിർമ്മാണം നീണ്ടു.