ആലുവ: ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയിൽ വീണ്ടും പൊട്ടിത്തെറിക്ക് വഴി തുറക്കുന്നു. ഒഴിവുള്ള പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. പുക്കാട്ടുപടി ഭാഗത്ത് താമസിക്കുന്ന മുൻ ആർ.എസ്.എസ് പ്രവർത്തകനെ പ്രസിഡന്റാക്കാനുള്ള നിയോജക മണ്ഡലം നേതൃത്വത്തിന്റെ നീക്കമാണ് വിവാദമായത്.

ഇക്കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പ് കാലത്ത് പോലും പ്രവർത്തന രംഗത്തില്ലാതിരുന്നയാളെ പ്രസിഡന്റാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം നിയോജക മണ്ഡലം നേതൃത്വം ഉറപ്പ് നൽകിയെന്നും അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകുമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഇദ്ദേഹം പാർട്ടി പ്രവർത്തകരുടെ പിന്തുണ തേടിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയൻ മുള്ളംകുഴി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമാണ് രാജിവച്ചത്. നേരത്തെ രാജിസമർപ്പിച്ചെങ്കിലും മണ്ഡലം നേതൃത്വത്തിന്റെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചുമതല വഹിച്ചു. ബി.ജെ.പി പരമ്പരാഗത വിഭാഗം തൊഴിലാളി സെല്ലിന്റെ ജില്ലാ കൺവീനർ രാജീവ് മുതിരക്കാട് ഒഴിവുള്ള പ്രസിഡന്റ് സ്ഥാനം വേണമെന്ന് മണ്ഡലം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്തിലെ പ്രവർത്തകർക്കും വിയോജിപ്പുണ്ടായിരുന്നില്ല. ഇതിന് പുറമെ നിലവിലുള്ള പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോനെ പ്രസിഡന്റാക്കണമെന്ന നിർദ്ദേശവുമുണ്ടായി. ഈ രണ്ട് നിർദ്ദേശങ്ങളും അവഗണിക്കാനുള്ള നീക്കമാണ് വിവാദമായത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കമ്മിറ്റിയുമായി ആലോചിക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഏറെ തർക്കത്തിന് വഴിയൊരുക്കിയിരുന്നു. ഇതേതുടർന്നാണ് പ്രസിഡന്റും സെക്രട്ടറിയും രാജി സമർപ്പിച്ചതാണെങ്കിലും പിന്നീട് സെക്രട്ടറി രാജിപിൻവലിച്ചു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ഇറക്കുമതി പ്രസിഡന്റ് എന്ന പേരിൽ വീണ്ടും വിവാദം. അതേസമയം, പുതിയ പ്രസിഡന്റിനെ നിശ്ചയിച്ചിട്ടില്ലെന്നും പലരുടെയും പേര് പരിഗണനയിലുണ്ടെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.