ന്യൂഡൽഹി: സൗദി അറേബ്യ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ ആഗോള എണ്ണ വിലയിൽ കുതിപ്പ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിലേക്ക് നയിക്കുന്നതാണ് നീക്കം. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം എണ്ണവിലയിൽ ആദ്യമായാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്.
അമേരിക്കൽ ക്രൂഡ് ഓയിൽ ശേഖരം കുറഞ്ഞിരിക്കുകയാണെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ എണ്ണ വിലയേറാൻ വഴിയൊരുക്കും. അമേരിക്കൻ വിപണിയിലും വിലക്കയറ്റം പ്രത്യക്ഷമായി.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ഫെബ്രുവരിയിലും മാർച്ചിലും ദിവസം ഒരു ലക്ഷം ബാരൽ എണ്ണയുടെ ഉത്പാദനം കുറയ്ക്കാനാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്ക് യോഗത്തിൽ സൗദി അറേബ്യ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. മറ്റ് ഒപ്പെക് രാജ്യങ്ങളും ഉത്പാദനം ഇനി ഉത്പാദനം കുറയ്ക്കാൻ വഴിയൊരുക്കും.
ലോകമെങ്ങും വീണ്ടും കൊവിഡ് ഭീഷണിയുടെ നിഴലിലായ സാഹചര്യത്തിൽ പെട്രോളിയം ഉപഭോഗം ഇനിയും കുറയുമെന്ന വിലയിരുത്തലിലാണ് സൗദിയുടെ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ദ്ധർ സംശയിക്കുന്നുണ്ട്.
സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ തുടർന്ന് ബ്രെന്റ് എണ്ണ വില ഇന്നലെ ബാരലിന് 54.09 ഡോളർ ആയി. അമേരിക്കൻ വില 50.24 ഡോളറിലുമെത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഉണ്ടാകുന്ന വിലക്കയറ്റമാണിത്. ഇക്കൊല്ലം അവസാനത്തോടെ ബ്രെന്റ് വില ബാരലിന് 64 ഡോളർ ആകാനിടയുണ്ടെന്നാണ് എണ്ണ വിപണിയിലെ നിക്ഷേപകരുടെ നിഗമനം.
ഇന്ത്യയിൽ പെട്രോൾ വില റെക്കാഡിലേക്ക് നീങ്ങുന്നു
പുതുവർഷത്തിൽ പെട്രോളിനും ഡീസലിനും വില കത്തിക്കയറും. ആഗോളവിലയും ഉയർന്നതോടെ സർവകാല റെക്കാഡിലേക്ക് പെട്രോൾ വില എത്തുമെന്നാണ് സൂചനകൾ. 2018 ഒക്ടോബർ നാലിനാണ് മുമ്പ് റെക്കാഡ് വിലവർദ്ധനവുണ്ടായത്. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 84.09 രൂപയായിരുന്നു ലിറ്ററിന്. 29 ദിവസത്തിന് ശേഷമാണ് പെട്രോളിയം വിലയേറുന്നത്. ഇന്നലെ പെട്രോളിന് 26 പൈസയും ഡീസലിന് 25 പൈസയും ലിറ്ററിന് കൂടി. ഡിസംബർ 7നായിരുന്നു കഴിഞ്ഞ വർദ്ധനവ്.