കൊച്ചി: ജീവിതം ഇരുളടഞ്ഞ എം.പാനൽ ജീവനക്കാർക്ക് പ്രതീക്ഷ പകരുകയാണ് കെ. സ്വിഫ്റ്റ്. കെ.എസ്.ആർ.ടി.സിയുടെ ഉപകമ്പനിയായി രൂപീകരിക്കുന്ന കെ. സ്വിഫ്റ്റിലേക്ക് പിരിച്ചുവിടപ്പെട്ടവർ ഉൾപ്പെടെ എം. പാനലുകാരെ എടുക്കുന്നത് സംബന്ധിച്ച് ഉടൻ ധാരണയാകും. 10 വർഷം വരെ സർവീസുള്ളവരെയാണ് കെ സിഫ്റ്റ് പരിഗണിക്കുക. സ്കാനിയ, ഇലക്ട്രിക് ബസുകൾ, സ്ലീപ്പർ ബസുകൾ, സി.എൻ.ജി. ബസുകളാണ് ഉപകമ്പിനിയ്ക്ക് കീഴിൽ വരുക.
6561 പേർ പ്രതീക്ഷയിൽ
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 6561 എംപാനൽ ജീവനക്കാരാണ് പുറത്തായത്. മൂന്നു ഘട്ടങ്ങളിലായിരുന്നു പിരിച്ചുവിടൽ. ആദ്യഘട്ടത്തിൽ 1500 മെക്കാനിക്കുകളെയും രണ്ടാംഘട്ടത്തിൽ 3861 കണ്ടക്ടർമാരെയും മൂന്നാംഘട്ടത്തിൽ 2500 ഡ്രൈവർമാരെയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം ബാക്കിയുണ്ടായിരുന്ന 1200 മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫുകളിൽ ഉൾപ്പെട്ടിരുന്ന എംപാനൽ ജീവനക്കാരെയും പുറത്താക്കി. പുതിയ കമ്പനിയിലെ പുന:പ്രവേശം ഇവർക്ക് ആശ്വാസമാവും.
നിയമനത്തിൽ ആശയക്കുഴപ്പം
ജീവനക്കാരുടെ നിയമനം സംബന്ധിച്ച് കമ്പനി ഉത്തരവിറക്കിയിരിക്കുന്നു. ഉത്തരവ് പ്രകാരം 10 വർഷം സർവീസുള്ളവർക്കാണ് പ്രഥമ പരിഗണന. ഇവർ ഓരോവർഷവും നിശ്ചിത ഡ്യൂട്ടി ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. കൂടുതൽ സ്ഥിരം ജീവനക്കാരുള്ള ഡിപ്പോകളിൽ താത്കാലിക ജീവനക്കാർക്ക് ഇത്രയും ഡ്യൂട്ടി ലഭിക്കാറില്ല. കെ.എസ്.ആർ.ടി.സിയിൽ 11 കൊല്ലം സർവീസുള്ള പലർക്കും പുതിയ ചട്ടപ്രകാരം 10 ൽ താഴെ സർവീസ് വന്നിരിക്കുന്നത് വെല്ലുവിളിയാണ്.
ലഭിക്കുക കരാർ നിയമനം
കമ്പനി പ്രാബല്യത്തിൽ വന്നാൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. അതിൽ പ്രധാനപ്പെട്ടത് കോർപ്പറേഷന്റെ നിയമങ്ങളും ആനുകൂല്യങ്ങളും പുതിയ കമ്പനിയെ ബാധിക്കില്ലെന്നാണ്. നിലിവിലുള്ള കോർപ്പറേഷന്റെ ഒരു ബാദ്ധ്യതയും പുതിയ കമ്പനിയെ ബാധിക്കില്ല. കമ്പനിക്ക് മാത്രമായി പുതിയ നിയമ വ്യവസ്ഥകളും വേതന വ്യവസ്ഥകളും തയ്യാറാക്കും. എം.പാനൽ ജീവനക്കാർക്ക് കരാർ നിയമനമനമാവും നൽകുക.
നിയമനം സംബന്ധിച്ച് ആശയക്കുഴപ്പം മൂലം പലരും പുറത്താകും. 10 ശതമാനം പേർ മാത്രമാണ് പട്ടികയിൽ കയറിയിട്ടുള്ളത്. പരമാവധി ആളുകളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
എം. ദിനേഷ് ബാബു
സംസ്ഥാന ജനറൽ സെക്രട്ടറി
എംപാനൽ കൂട്ടായ്മ
കെ.എസ്.ആർ.ടി.സി