കൊച്ചി: മികച്ചതും ഫലപ്രദവുമായ അന്വേഷണസംവിധാനവും പ്രോസിക്യൂട്ടിംഗ് ഏജൻസിയും ഒരുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പബ്ളിക് പ്രോസിക്യൂട്ടർമാരുടെയും അഡി. പബ്ളിക് പ്രോസിക്യൂട്ടർമാരുടെയും നിയമനകാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെ രൂക്ഷമായി വിമർശിച്ചു. വാളയാർ പീഡനക്കേസിൽ പുനർവിചാരണ നടത്തണമെന്ന വിധിയിലാണ് ഇക്കാര്യം പറയുന്നത്. വീഴ്ച വരുത്തിയ പൊലീസിനും വിചാരണക്കോടതിക്കും കിട്ടി കടുത്ത ഭാഷയിലുള്ള വിമർശനം.
ഭരിക്കുന്ന പാർട്ടിയോടുള്ള ചായ്‌വും ബന്ധവും കണക്കിലെടുത്താണ് മാറിമാറിവരുന്ന സർക്കാരുകൾ പ്രോസിക്യൂട്ടർ നിയമനങ്ങൾ നടത്തുന്നത്. ജില്ലാ ജുഡിഷ്യറിയിലെ പബ്ളിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിന് മുമ്പ് ജില്ലാ ജഡ്ജിമാരുമായി ഫലപ്രദമായ കൂടിയാലോചന നടക്കുന്നില്ല. കഴിവും യോഗ്യതയും നോക്കാതെ ഒരുവിഭാഗം അഭിഭാഷകർക്ക് നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്റെ സാമൂഹ്യസേവന പദ്ധതിയായി ഇത്തരം നിയമനങ്ങളെ കാണരുത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഭരണത്തിലുള്ളവരുടെ ഇഷ്ടക്കാർക്ക് തൊഴിൽ നൽകാനുള്ള അവസരമായി ഇതിനെ കാണരുത്. ക്രമസമാധാനപാലനമെന്ന ഭരണഘടനാബാദ്ധ്യത നിറവേറ്റാനാണ് പബ്ളിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതെന്ന് ഒാർക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കേസിൽ തെളിവെടുപ്പു സമയത്തുൾപ്പെടെ മുൻകൈയെടുക്കുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റിയെന്നും ഇതിൽ മനസ്താപമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നിയമനടപടികളിൽ സത്യമാണ് വഴിവിളക്ക്. സത്യത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്ന് ജനങ്ങൾക്ക് ബോദ്ധ്യമുണ്ടായാലേ നീതി നിർവഹണ സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകൂ.
അന്വേഷണോദ്യോഗസ്ഥൻ സത്യസന്ധനാകണം
അന്വേഷണത്തിൽ വരുത്തുന്ന അക്ഷന്തവ്യമായ വീഴ്ചകൾ ഗുരുതരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥ, രാഷ്ട്രീയ സംവിധാനങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. കഴിവും ആത്മാർത്ഥതയുമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കുതന്നെ അപമാനമാണ്. ശരിയായ അന്വേഷണം നീതിപൂർവമായ വിചാരണയ്ക്ക് അനിവാര്യമാണ്. ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ സത്യസന്ധനും കടമകൾ നിർവഹിക്കാൻ കഴിവുള്ളയാളുമാകണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് പോക്സോ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉയർന്ന ആത്മാർത്ഥയും കഴിവുമുണ്ടാകണം. ഇവർക്ക് മതിയായ നിയമപരിശീലനവും ഉണ്ടായിരിക്കണം. ഇരകളുടെയും അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മനോവികാരങ്ങൾ തിരിച്ചറിയണം. വാളയാർ കേസിൽ പ്രാഥമികാന്വേഷണം നടത്തിയത് അങ്ങേയറ്റം മോശമായ തരത്തിലാണ്.