മുംബായ്: ഡിജിറ്റൽ പേമെന്റ് പ്രോത്സാഹനത്തിനായി റിസർവ് ബാങ്ക് 350 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചു. ഇടത്തരം, ചെറുകിട നഗരങ്ങളിൽ കാർഡ് മെഷീനുകളും ക്യൂആർ കോഡ് പേമെന്റുകളും വ്യാപകമാക്കുന്നതിനാണ് തുക.
പേമെന്റ് ഡെവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ബോർഡിനാണ് തുക ലഭ്യമാക്കുക. നിലവിൽ 345 കോടി ഫണ്ട് ബോർഡിനുണ്ട്. പുറമേ ബാങ്കുകളുടെ വിഹിതവും എത്തുന്നതോടെ ഫണ്ടിൽ വലിയ ഉയർച്ചയുമുണ്ടാകും.
റിസർവ് ബാങ്ക് നേരത്തേ 250 കോടി ബോർഡിന് നൽകിയിട്ടുണ്ട്. പേമെന്റ് നെറ്റ് വർക്കുകൾ വേറെയും തുക നൽകും. പുറമേ ബാങ്കുകൾ ഡെബിറ്റ് കാർഡിന് ഒന്നു വീതവും ക്രെഡിറ്റ് കാർഡിന് മൂന്ന് രൂപ വീതവും ബോർഡിന് നൽകും.
മൂന്നു വർഷം കൊണ്ട് ഷോപ്പുകളിലെ കാർഡ് സ്വൈപ്പിംഗ് മെഷീനുകളുടെ എണ്ണം പത്ത് ലക്ഷവും ക്യൂആർ അധിഷ്ഠിത പേമെന്റ് കേന്ദ്രങ്ങൾ 20 ലക്ഷവും ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ട്രാൻസ്പോർട്ട്, ഹോട്ടൽ, സർക്കാർ പേമെന്റ് സേവനദാതാക്കൾ, പെട്രോൾ പമ്പുകൾ, റേഷൻ ഷോപ്പുകൾ തുടങ്ങിയ അവശ്യസർവീസുകൾക്കാണ് പദ്ധതിയിൽ മുൻഗണന. സ്വൈപ്പിംഗ് മെഷീന് 30 മുതൽ 50% ശതമാനവും ക്യൂആർ കോഡ് സംവിധാനം കൊണ്ടുവരാൻ വ്യാപാരികൾക്ക് 50 മുതൽ 75% വരെയും സബ്സിഡി നൽകും.
റുപേ, വിസ, മാസ്റ്റർ കാർഡ് തുടങ്ങിയ കാർഡ് ശൃംഖലകൾ ഓരോ ഇടപാടിനും ഒരു പൈസ വീതവും ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് ഒരു പൈസയും ഡെബിറ്റ് കാർഡുകൾക്ക് രണ്ട് പൈസ വീതവും പേമെന്റ് ഡെവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ബോർഡിന് നൽകേണ്ടിവരും.