കാലടി: പുതുവത്സര സമ്മാനമായി സ്‌കൂളിന് പതിനായിരം രൂപയുടെ പുസ്തകങ്ങൾ നൽകി കാലടി എസ്.എൻ.ഡി.പി ലൈബ്രറി മാതൃകയായി. നീലീശ്വരം ഗവ. എൽ.പി സ്‌കൂളിനാണ് കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യകൃതികളുടെ ശേഖരം ലൈബ്രറി സമ്മാനമായി നൽകിയത്. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ബുക്ക് ബാങ്ക് പദ്ധതിപ്രകാരം ഇതുവരെ നാല് ലക്ഷം രൂപയിലേറെ വിലവരുന്ന പുസ്തകങ്ങൾ വിവിധ സ്‌കൂളുകൾക്കും ഗ്രന്ഥശാലകൾക്കും സംഭാവനയായി നൽകിയിട്ടുണ്ട്. മറ്റൂർ ഗവ. എൽ.പി സ്‌കൂൾ, പാറപ്പുറം കുമാരനാശാൻ സ്മാരക എൽ.പി സ്‌കൂൾ, ഒക്കൽ ഗവ. എൽ.പി സ്‌കൂൾ, മാണിക്യമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങൾക്കും, പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട അറുപതിൽ പരം വായനശാലക്കാർക്കുമാണ് ഇതുവരെ ബുക്ക്ബാങ്ക് പദ്ധതി പ്രകാരം പുസ്തകങ്ങൾ സംഭാവനയായി നൽകിയത്.