മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർഷിക വിപണിയിൽ നിന്നും ഹോർട്ടി കോർപ്പ് കർഷകരിൽ നിന്നും സംഭരിച്ച കാർഷിക വിളകളുടെ കുടിശിഖ തുകയുടെ വിതരണത്തിന് തുടക്കമായി. കഴിഞ്ഞ ഏഴ് മാസമായി കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ് സംഭരിച്ച കാർഷിക വിളകളുടെ വില കുടിശിക നൽകാനുണ്ടായിരുന്നു. ഏഴ് ലക്ഷത്തോളം രൂപയാണ് ഹോർട്ടി കോർപ്പിൽനിന്നും ലഭിക്കാനുണ്ടായിരുന്നത്. ഇതിന്റെ ആദ്യഘടുവിന്റെ ചെക്ക് എൽദോ എബ്രഹാം എം.എൽ.എ ഇഇസി മാർക്കറ്റ് സെക്രട്ടറി മിനി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഇ.ഇ.സി മാർക്കറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ.എ.സനീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് മുഖ്യപ്രഭാഷണം നടത്തി. ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ ആർ.ഷാജി,ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ സതീഷ് ചന്ദ്രൻ, കൃഷി അസി.ഡയറക്ടർ ടാനി തോമസ്, ലേല കമ്മിറ്റി കൺവീനർ കെ.പി.ജോയി എന്നിവർ പങ്കെടുത്തു.