കൊച്ചി: നിരാലംബരായ സ്ത്രീകളും കുട്ടികളും ഇരകളായ ക്രിമിനൽ കേസുകളിൽ പ്രതികളെ അനർഹമായി വിട്ടയയ്ക്കുന്നത് ഇരകൾക്കു വേണ്ടി സമൂഹത്തിൽ ചുറ്റിക്കറങ്ങുന്ന ചെന്നായ്ക്കൾക്ക് ശക്തിപകരുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ക്രിമിനൽ കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷനും അന്വേഷണ ഏജൻസിയും തങ്ങളുടെ ജോലി നിർവഹിക്കാത്തതിനാൽ നീതിനിഷേധിക്കുന്ന സാഹചര്യത്തിൽ അപ്പീൽ കോടതിക്ക് ഇടപെടാതിരിക്കാൻ കഴിയില്ലെന്നും ഡിവിഷൻബെഞ്ച് വാളയാർ കേസിന്റെ വിധിയിൽ വ്യക്തമാക്കി. പബ്ളിക് പ്രോസിക്യൂട്ടർ, കേസ് അന്വേഷിച്ച സബ് ഇൻസ്പെക്ടർ, രക്ഷിതാക്കളുടെ മൊഴി പരിഗണിക്കാത്ത വിചാരണക്കോടതി എന്നിവരുടെ വീഴ്ച എണ്ണിയെണ്ണിപ്പറയുകയും ചെയ്തു.
വീഴ്ചകൾ
1. പ്ളബ്ളിക് പ്രോസിക്യൂട്ടർ
കേസ് ഡയറിയിലെ രേഖകൾ പരിശോധിക്കാതെ അശ്രദ്ധമായാണ് പ്രോസിക്യൂട്ടർ തെളിവുകൾ വിചാരണ വേളയിൽ അവതരിപ്പിച്ചത്. കേസിനെ സഹായിക്കുന്ന സാക്ഷികൾക്ക് വിചാരണവേളയിൽ വേണ്ടത്ര അവസരം നൽകിയില്ല. വിചാരണനടപടിയിൽ പ്രോസിക്യൂഷൻ ആത്മാർത്ഥത കാട്ടിയില്ല. ശരിയായ വിചാരണയില്ലാതെ പ്രതികൾ രക്ഷപെടുന്ന രീതി അനുവദിക്കാനാവില്ല.
2. സബ് ഇൻസ്പെക്ടർ
പ്രാഥമിക അന്വേഷണച്ചുമതലയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വേണ്ടത്ര ജാഗ്രത കാട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. ഇയാൾ അന്വേഷണത്തിൽ കാട്ടിയ ഉപേക്ഷ നിരാശാജനകമാണ്. സാധാരണഗതിയിൽ പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അസാധാരണമായ എന്തോ കാരണമുണ്ടെന്ന് കർത്തവ്യബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനു തോന്നേണ്ടതാണ്. ഈ കേസിൽ അതുണ്ടായില്ല. പീഡനം നടന്നെന്നു തെളിയിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടല്ലാതെ മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ അന്വേഷണോദ്യോഗസ്ഥനു കഴിഞ്ഞില്ല. തെളിവുകൾ ശരിയായി ശേഖരിക്കാനോ നിയമപരമായി കോടതിയിൽ അവതരിപ്പിക്കാനോ കഴിഞ്ഞില്ല.
3. വിചാരണക്കോടതി
പെൺകുട്ടികളെ പീഡിപ്പിച്ചവരെക്കുറിച്ച് രക്ഷിതാക്കൾ നൽകിയ രഹസ്യമൊഴി വിചാരണക്കോടതി പരിഗണിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. പ്രതികൾ പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ മൊഴി പിന്നീടു ചിന്തിച്ചുണ്ടാക്കിയതാണെന്ന് വിചാരണക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ ക്ഷേമത്തെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ ആദ്യകുട്ടി മരിച്ചപ്പോൾതന്നെ പ്രതികൾക്കെതിരെ രക്ഷിതാക്കൾ പറയുമായിരുന്നെന്നും വിചാരണക്കോടതി പറഞ്ഞിട്ടുണ്ട്.
എന്നാൽ, കൗമാരക്കാരായ കുട്ടികൾക്ക് അപമാനമുണ്ടാകുമെന്ന ഭയന്നാണ് ഇതു നേരത്തെ പറയാതിരുന്നതെന്ന് രക്ഷിതാക്കളുടെ മൊഴിയിൽ പറയുന്നത് പരിഗണിച്ചില്ല. പ്രതിയായ ഷിബു മദ്യപിച്ച് പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവിനോടു കുറ്റസമ്മതം നടത്തിയെന്ന മൊഴി കോടതി സ്വീകരിക്കണമായിരുന്നു. എങ്ങനെ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നില്ലെന്ന പേരിലാണ് ഇതൊഴിവാക്കിയത്. വിചാരണയിൽ കോടതി ഫലപ്രദമായി ഇടപെടാതിരുന്നത് വലിയൊരളവുവരെ സത്യം പുറത്തുവരുന്നതിന് തടസമായി.