പള്ളുരുത്തി: കുടിവെള്ള ക്ഷാമത്തിൽ വീർപ്പുമുട്ടി പെരുമ്പടപ്പ്. ഒരാഴ്ചയായി ഇവിടുത്തുകാർക്ക് പൈപ്പ് വഴി കുടിവെള്ളം ലഭിച്ചിട്ട്. പ്രശ്നപരിഹാരത്തിന് ടാങ്കർ വഴി കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിൽ ആർക്കും തികയാത്ത സ്ഥിതിയാണ്. ഡിവിഷൻ കൗൺസിലർ ഇടപെട്ടാണ് ടാങ്കർ വഴി വെള്ളം എത്തിക്കാൻ അധികൃതർ തയ്യാറായത്. എന്നാൽ ഇന്നലെ ഇവിടെ എത്തിയതാകട്ടെ ഒരു ടാങ്കർ മാത്രം. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഒരു ടാങ്കർ വെള്ളം മതിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പൈപ്പിലൂടെ വന്നിരുന്ന വെള്ളവും ചെളികലർന്ന നിലയിലായിരുന്നു.ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് കക്കൂസ് ടാങ്കിനു സമീപത്ത് കൂടിയാണ് കടന്നു പോയിരിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് പൊട്ടി അതിനുള്ളിലൂടെയാണ് മലിനജലം കടക്കുന്നത്. പശ്ചിമകൊച്ചിയുടെ മറ്റ് പ്രദേശങ്ങളായ പള്ളുരുത്തി, ഇടക്കൊച്ചി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ ഭാഗങ്ങളിലും ഇതാണ് സ്ഥിതി.എം.പി, എം.എൽ.എ, കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ മാറി മാറി ഭരിച്ചിട്ടും പശ്ചിമകൊച്ചിക്കാരുടെ കുടിവെള്ള ദുരിതത്തിന് നൂറ്റാണ്ടുകളായി പരിഹാരം കാണാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.