മുംബയ് : രാജ്യത്തെ 4 ജി സ്പെക്ട്രം ലേലത്തിന് മാർച്ച് ഒന്നിന് തുടക്കമാകും. 3.92 ലക്ഷം കോടിയാണ് ഈ സ്പെക്ട്രത്തിന്റെ അടിസ്ഥാന മൂല്യം. മത്സരം കടുത്താൽ മൂല്യം കുത്തനെ ഉയരും.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെ ബാൻഡ് വിഡ്ത്ത് വർദ്ധിപ്പിക്കാനുള്ള അവസരമാണിത്. ഫെബ്രുവരി അഞ്ച് വരെയാണ് ടെണ്ടറുകൾ സ്വീകരിക്കുക.
ഡാറ്റാ ഉപയോഗം പലമടങ്ങായി ഉയർന്ന സാഹചര്യത്തിലും കൊവിഡ് മഹാമാരിക്കാലത്തെ വ്യാപകമായ ഉപയോഗം നെറ്റ്‌വർക്ക് ലോഡ് താങ്ങാനാവാത്ത സ്ഥിതിയിലെത്തിയതുമായ സാഹചര്യത്തിലാണ് പുതിയ സ്പെക്ട്രം ലേലത്തിന് അരങ്ങൊരുങ്ങുന്നത്.
ഈ ലേലം റിലയൻസ് ജിയോയെ സംബന്ധിച്ച് നിർണായകമാണ്. ഇവർ തന്നെയാണ് മത്സരത്തിന് കടുപ്പിച്ച് ഇറങ്ങുക. നിലവിൽ മൊബൈൽ മേഖലയിലെ ലാഭത്തിലുള്ള ഏക കമ്പനിയാണ് മുകേഷ് അംബാനിയുടെ ജിയോ. 40 കോടി കണക്ഷനുകളാണ് ജിയോയ്ക്ക് ഉള്ളത്. 50 കോടി കണക്ഷനുകളാണ് ഇവരുടെ ലക്ഷ്യം. ഇത് നേടാനും നെറ്റ് വേഗം നിലനിർത്താനും ഇവർക്ക് പുതിയ സ്പെക്ട്രം അത്യാവശ്യമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറ് തവണയാണ് സ്പെക്ട്രം ലേലം നടന്നത്. 2016ലായിരുന്നു അവസാന ലേലം.