കൊച്ചി: മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകൾ സംഘടിപ്പിക്കുന്ന കായിക അസോസിയേഷനുകൾ മുതിർന്ന കായികതാരങ്ങളെ സാമ്പത്തികമായും പലതരത്തിലും ചൂഷണം ചെയ്യുകയാണെന്നും 2008ലെ സ്‌പോർട്‌സ് റൂൾ നടപ്പാക്കാൻ സ്‌പോർട്‌സ് കൗൺസിൽ തയ്യാറാകണമെന്നും മാസ്റ്റേഴ്‌സ് അത്‌ലറ്റിക് വികസന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിൽ നാൽപ്പത് വർഷത്തോളമായി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. അഞ്ചോളം അസോസിയേഷൻ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. അസോസിയേഷനുകൾക്ക് യാതൊന്നിനും സർക്കാരിന്റെയോ സ്‌പോർട്‌സ് കൗൺസിലിന്റെയോ അംഗീകാരമില്ലാത്തതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്ന മുതിർന്ന കായികതാരങ്ങൾക്ക് അപകടങ്ങൾ, മരണം എന്നിവ സംഭവിച്ചാൽ ഒരുവിധ സഹായവും ലഭിക്കില്ല. ലോക, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് അസോസിയേഷനിൽ നിന്നും യോഗ്യമായ സംഘടനയ്ക്ക് അംഗീകാരം നൽകാൻ തയ്യാറാകണം. ഇക്കാര്യം ഉന്നയിച്ച് കായികമന്ത്രി, കായികവകുപ്പ് സെക്രട്ടറി, ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി കെ.ഒ.വി. ഗോപൻ, എം.പി. ജോസ്, രാജം ഗോപി, വി. വാസു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.