കളമശേരി: സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പും (ഡി.എസ്.ടി) ജർമ്മൻ അക്കാഡമിക് എക്‌സ്‌ചേഞ്ച് സർവീസും സംയുക്തമായി സ്‌പോൺസർ ചെയ്യുന്ന ഇന്തോജർമൻ പ്രോജക്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പ് അസിസ്റ്റന്റ് പ്രൊഫ. ഡോ. സിനോയ്‌തോമസിന് ലഭിച്ചു. ഇതിലൂടെ കുസാറ്റിലെ ഗവേഷകർക്ക് ജർമ്മനിയിലും ജർമനിയിൽ നിന്നുള്ളവർക്ക് കുസാറ്റിലും ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. ഇന്ത്യൻ, ജർമൻ സർക്കാരുകളുടെ ധനസഹായമാണ് ഡോ. സിനോയ് തോമസിനും വിദ്യാർത്ഥികൾക്കും ലഭിക്കുക. 63 പ്രോജക്ടുകളിൽ നിന്നും 16 പ്രോജക്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു വർഷം നീണ്ടുനിൽക്കുന്ന വിദ്യാർത്ഥി കൈമാറ്റ പരിപാടിയിൽ 'വക്രജ്യാമിതീയ രൂപങ്ങളിലെ മാഗ്‌നറ്റിക് സ്പിൻ വോർട്ടിസസ്' എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഡോ. സിനോയ് തോമസിന് അംഗീകാരം ലഭിച്ചത്. ഏറ്റവും ചെറിയ പ്രതലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വയ്ക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. പ്രോജക്ട് കാലാവധിയായ രണ്ട് വർഷക്കാലയളവിൽ വർഷത്തിൽ ഒരുമാസം ഡോ. സിനോയ് തോമസിനും 50 ദിവസം വീതം ജർമ്മനിയിൽ താമസിച്ച് ഗവേഷണം നടത്താൻ ഗവേഷണ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും. ഇതുവഴി നൂതന സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങളുമായി ഇടപഴകാനും സാധിക്കും. കുസാറ്റ് വൈസ്ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ ഡോ. സിനോയ് തോമസിനെ അനുമോദിച്ചു. പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. വി. മീര എന്നിവർ സന്നിഹിതരായി.