hicourt

കൊച്ചി : കുട്ടികളെ അങ്ങേയറ്റം ദാരുണമായി പീഡിപ്പിക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങളോടുള്ള അനാസ്ഥയും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിപത്താണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാളയാർ കേസിൽ പുനർ വിചാരണ ഉത്തരവിട്ട 89 പേജുകളുള്ള വിധിന്യായം തുടങ്ങുന്നതു തന്നെ ഇൗ വാക്കുകളിലാണ്.ഹൈക്കോടതി പറയുന്നു : വാളയാറിൽ ഒരമ്മ പെറ്റ രണ്ടു പെൺകുട്ടികൾക്ക് നേരിട്ട ദുരന്തം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇളംപ്രായക്കാരായ രണ്ടു പെൺകുട്ടികൾക്ക് തങ്ങളെ സംരക്ഷിക്കേണ്ടവരുടെ ക്രൂരകൃത്യത്തെത്തുടർന്ന് ഇൗ ലോകത്തോടു വിടപറയേണ്ടിവന്നു.ഇന്ന് കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കപ്പെടാൻ സാദ്ധ്യത ഏറെയാണ്. വീടുകളിലും സ്കൂളുകളിലും അനാഥാലയങ്ങളിലുമൊക്കെ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗവും മാറിയ സാമൂഹ്യ സാമ്പത്തിക സ്ഥിതികളുമൊക്കെ കുട്ടികളെ ഒാരോ തരത്തിലാണ് പീഡിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പീഡനങ്ങൾ കുട്ടികളുടെ മനസിനെയും മുറിവേൽപിക്കുന്നു. അതാകട്ടെ അവരുടെ വ്യക്തിത്വവികാസത്തെയും അന്തസിനെയും ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.