cross

കൊച്ചി: സഭാതർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കരുതുന്നില്ലെന്ന് യാക്കോബായ സഭ അറിയിച്ചു. അത്തരത്തിൽ നടത്തുന്ന പ്രസ്താവനകൾ ഒൗദ്യോഗിക നിലപാടല്ലെന്ന് സഭാ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഭരണാധികാരികൾ എന്ന നിലയിലാണ് ഇരുവരും തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നത്. അതിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സഭ കരുതുന്നില്ല. വിഷയത്തിന്റെ തീവ്രതയും പ്രാധാന്യവും മനസിലാക്കി പ്രശ്നപരിഹാരത്തിന് ആത്മാർത്ഥമായ ശ്രമമാണ് നടക്കുന്നത്. സഭാതർക്കം നീതിപൂർവം പരിഹരിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും സഭ അംഗീകരിച്ചിട്ടുണ്ട്. സമവായശ്രമങ്ങളിൽ ശുഭപ്രതീക്ഷയുണ്ട്.

തർക്കം പരിഹരിക്കാൻ പരിശ്രമിക്കുന്നവരോട് സഭാമക്കൾക്ക് എന്നും നന്ദിയുണ്ടാവും. സഭ ചുമതലപ്പെടുത്തിയവർ പറയുന്ന അഭിപ്രായം മാത്രമായിരിക്കും ഒൗദ്യോഗികമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

സഭാതർക്കം പരിഹരിച്ചാൽ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് മുംബയ് മെത്രാപ്പോലീത്ത തോമസ് അലക്സാന്ത്രിയോസ് പ്രസ്താവിച്ച സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം.