പെരുമ്പാവൂർ: ''മനസു നന്നാവട്ടെ.. മതമേതെങ്കിലുമാകട്ടെ .., മാനവ ഹൃദയത്തിൻ ചില്ലയിലെല്ലാം മാൺപുകൾ വിടരട്ടെ...'' എന്നു തുടങ്ങുന്ന കേരളത്തിലെ സ്‌കൂൾ കോളേജ് തലങ്ങളിൽ സേവന സന്നദ്ധരായ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദേശീയ തലത്തിലുള്ള സംഘടന നാഷണൽ സർവ്വീസ് സ്‌കീം ഗീതം ( എൻ.എസ്.എസ് ഗീതം ) പെൻസിൽ മുനകളിൽ മലയാളത്തിൽ കൊത്തിയെടുത്ത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് അശമന്നൂർ ഓടക്കാലി സ്വദേശി ഐശ്വര്യ സുധൻ.ഓടക്കാലി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം വർഷ എം.എൽ.റ്റി വിദ്യാർത്ഥിനിയാണ് ഐശ്വര്യ.
ദൈവ ദശകം പെൻസിലിൽ രൂപപ്പെടുത്തിയ അജിതാണ് ഐശ്വര്യയുടെ ഗുരു. 4 മാസം മുൻപാണ് അജിത്തിന്റെ യൂട്യൂബ് ചാനലിൽ നിന്നും പെൻസിൽ കാർവിങ്ങിന്റെ പാഠങ്ങൾ ഐശ്വര്യ മനസിലാക്കുന്നത്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പെൻസിലിൽ രൂപപ്പെടുത്തിയ ചെറു സമ്മാനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.അങ്ങനെ ഇതിൽ കൂടുതൽ പരിശീലനം ലഭിച്ചു. സ്‌കൂളിലെ ആക്റ്റീവ് എൻ.എസ്.എസ് വോളണ്ടിയറായ ഐശ്വര്യ കേരളത്തിലെ എല്ലാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വോളണ്ടിയർമാർക്കു വേണ്ടി അജിത്തിന്റെ ഒരു ഓൺലൈൻ പെൻസിൽ കാർവിങ് ക്ലാസ് സംഘടിപ്പിച്ചു.
അന്നാണ് എൻ.എസ്.എസ് ഗീതം തന്നെ പെൻസിലിൽ കൊത്തിയെടുത്ത് റെക്കോർഡ് സ്വന്തമാക്കാൻ ഉള്ള ആഗ്രഹം മനസിൽ ഉദിച്ചത്.ഓടക്കാലി മാളക്കുന്നേൽ സുധന്റെയും മിനിയുടെയും മകളാണ് ഐശ്വര്യ. ഏകസഹോദരൻ അക്ഷയ് കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്.
''മനസു നന്നാവട്ടെ.. മതമേതെങ്കിലുമാകട്ടെ''
12 പെൻസിലുകളിലായാണ് നാഷണൽ സർവ്വീസ് സ്‌കീം ഗീതത്തിലെ വരികൾ രൂപപ്പെടുത്തിയിരിക്കുന്നത്. 5 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് ഐശ്വര്യ ഈ ഉദ്യമം പൂർത്തിയാക്കിയത്. പെൻസിൽ കാർവിങ് മാത്രമല്ല പെൻസിൽ ഡ്രോയിങ് , ലീഫ് കാർവിങ് തുടങ്ങിയ കലാ സൃഷിടികളിലും മികച്ചു നിൽക്കുന്ന ഒരു കലാകാരിയാണ് ഐശ്വര്യ. നല്ല ശ്രദ്ധയും ക്ഷമയും വേണ്ട ഈ കലയിലൂടെ കൂടുതൽ റെക്കോർഡുകൾ ഐശ്വര്യയുടെ സ്വപ്നമാണ്.
മിനി മൈക്രോ ആർട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഐശ്വര്യ തന്റെ കലാ സൃഷ്ടികൾ ആവശ്യക്കർക്ക് നിർമിച്ചു നൽകുന്നുണ്ട്.