കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെങ്കിൽ ജയിലിൽ കഴിയുന്നതിനും കുഴപ്പമില്ലെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. ഇബ്രാഹിംകുഞ്ഞ് ആരോഗ്യസ്ഥിതി വഷളായെന്നു കാണിച്ച് നൽകിയ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മുസ്ളിം എഡ്യൂക്കേഷൻ സൊസൈറ്റിയിലേക്ക് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടി ഇബ്രാഹിംകുഞ്ഞ് വിചാരണക്കോടതിയെ സമീപിച്ചതിനെ സിംഗിൾബെഞ്ച് വിമർശിച്ചു.
ജയിലിലേക്ക് പോകാനാവില്ലെന്നും ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ എം.ഇ.എസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും നാമനിർദ്ദേശപത്രികയുമായി ബന്ധപ്പെട്ട ചില രേഖകളിൽ ഒപ്പിട്ടുനൽകാനാണ് വിജിലൻസ് കോടതിയുടെ അനുമതി തേടിയതെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജയിലിൽവെച്ചും രേഖകളിൽ ഒപ്പിടാനാവുമെന്നും ജാമ്യാപേക്ഷ അതിനുശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി തുടർന്ന് വാക്കാൽ പറഞ്ഞു. എന്നാൽ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞദിവസം ശസ്ത്രക്രിയക്ക് വിധേയാനായെന്നും ആരോഗ്യസ്ഥിതി വഷളാണെന്നും അഭിഭാഷകൻ വിശദീകരിച്ചു. വിചാരണക്കോടതിയിൽ നൽകിയ അപേക്ഷ പിൻവലിക്കാമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.