shyamala

പിറവം: 54 കാരിയായ വീട്ടമ്മയെ പട്ടാപ്പകൽ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. പിറവം പൊലീസ് സ്റ്റേഷനു പിന്നിൽ പള്ളിക്കാവ് ക്ഷേത്രത്തിനടുത്തായി താമസിക്കുന്ന വട്ടപ്പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.പി. ശ്യാമളകുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയും പിറവത്തെ ഓട്ടോ തൊഴിലാളിയുമായ കക്കാട് ചെറുകരയിൽ ശിവരാജൻ (56) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പൊലീസ് പറയുന്നത്: വർഷങ്ങളായി ശിവരാജനും ശ്യാമളയും അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വഴക്കിടുക പതിവായിരുന്നു. അയൽവാസികളുമായി ശ്യാമളയ്ക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. ശ്യാമള പലിശയ്ക്ക് പണം കടംകൊടുത്തിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ടൗണിലെ കടയിൽ നിന്നു വാങ്ങിയ വാക്കത്തിയുമായി ശിവരാജൻ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഓട്ടോയിൽ ശ്യാമളയുടെ വീട്ടിലെത്തി. വീട്ടിലേക്ക് ഓടിക്കയറിയ ഇയാൾ അടുക്കളയിലായിരുന്ന ശ്യാമളയുടെ കഴുത്തിൽ ആഞ്ഞുവെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടിയ ശ്യാമളയെ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചു. പുറത്തും കൈത്തണ്ടയിലും വാക്കത്തികൊണ്ട് വെട്ടി. മരണവെപ്രാളത്തിൽ വീടിന്റെ പുറകുവശത്തേക്ക് ഓടിയ ഇവരുടെ തലയിൽ കരിങ്കല്ലു കൊണ്ടിടിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

മരണം ഉറപ്പിച്ച ശേഷം ശ്യാമളയുടെ മകൾ പിറവത്തെ പോസ്റ്റൽ ജീവനക്കാരിയായ ധന്യാ സന്തോഷിനെ ശിവരാജൻതന്നെ ഫോണിൽ വിളിച്ച് സംഭവമറിയിച്ചു. ധന്യ അറിയിച്ചതനുസരിച്ച് ഇളയ മകൻ അശ്വിൻ വീട്ടിലെത്തിയപ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ് കണ്ടത്. ഇതിനിടയിൽ പ്രതി ഓട്ടോയിൽ വാക്കത്തിയുമായി പിറവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ പറഞ്ഞതനുസരിച്ച് സംഭവസ്ഥലത്തെത്തിയ പൊലീസ് ശ്യാമളകുമാരിയെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കാനേ കഴിഞ്ഞുള്ളു. ശിവരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, പിറവം സി .ഐ ഇ.എസ്. സാംസൺ, എസ്.ഐ കെ.എസ്. ബിനു , സിവിൽ പൊലീസ് ഓഫീസർമാരായ കെ.എൻ. സാജു, കെ.വി. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി ശിവരാമനെ ഇന്ന് പിറവം കോടതിയിൽ ഹാജരാക്കും