കിഴക്കമ്പലം: കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ മുറിവിലങ്ങ് ജംഗ്ഷനു സമീപത്തെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് 3 പതിറ്റാണ്ടുമുമ്പു നിർമ്മിച്ച കെട്ടിടമാണ് അപകടാവസ്ഥയെ തുടർന്ന് പൊളിച്ചു നീക്കാണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൃഷി വകുപ്പിലെ ഒരു ജീവനക്കാരൻ ഏതാനും നാളുകൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതൊഴിച്ചാൽ പിന്നീട് ഇന്നു വരെ ഈ കെട്ടിടം മറ്റ് ഒരാവശ്യങ്ങൾക്കുമായി തുറന്നു കൊടുത്തിട്ടില്ല. ആൾതാമസമില്ലാതെ വർഷങ്ങളോളം വെറുതെ കിടന്ന കെട്ടിടം ഇപ്പോൾ സാമൂഹ്യവിരുദ്ധർ താവളമാക്കി. വായനശാല, അംഗൻവാടി, ക്ലബ്, പോസ്റ്റോഫീസ്, പള്ളി എന്നിവയോട് ചേർന്ന് സ്ഥിതി ചെയ്യുന്നകെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താൽ കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള ഗ്രൗണ്ട് വിശാലമായ കളിക്കളമാക്കാവുന്നതാണ്. ഗ്രൗണ്ടിന്റെ അരികിലായി ഒരു ഓപ്പൺ എയർ സ്റ്റേജ് കൂടി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഭീമഹർജി ഒപ്പിട്ട് നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.